പ്രവാചക അധിക്ഷേപ മുദ്രാവാക്യം: അറസ്റ്റിലായ ബജ്രംഗ്ദൾ പ്രവർത്തകർക്ക് നാലാംദിനം ജാമ്യം
|ഷാരൂഖ് ഖാൻ നായകനായ 'പഠാൻ' സിനിമയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു അപകീർത്തികരമായ മുദ്രാവാക്യം.
ഭോപ്പാൽ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ബജ്രംഗ്ദൾ പ്രവർത്തകർക്ക് നാലാംദിനം ദിനം ജാമ്യം. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ച അറസ്റ്റിലായ നാല് പേർക്കാണ് സെഷൻസ് കോടതി ജാമ്യം നൽകിയത്.
ഷാരൂഖ് ഖാൻ നായകനായ പഠാൻ സിനിമയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു അപകീർത്തികരമായ മുദ്രാവാക്യം. ഇൻഡോറിലെ ഒരു തിയേറ്ററിന് മുന്നിൽ ജനുവരി 25നായിരുന്നു പ്രതിഷേധവും മതവിദ്വേഷ മുദ്രാവാക്യം വിളിയും.
പ്രതിഷേധത്തിലെ മുദ്രാവാക്യങ്ങൾ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും നിരവധി മുസ്ലിങ്ങൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല.
പ്രതികൾക്കെതിരെ ഐ.പി.സി 295- എ(ഇതര മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ പ്രവൃത്തി), 153 എ (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 505 (ഭീഷണിപ്പെടുത്തൽ), 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.