മുസ്ലിം സ്ത്രീകൾക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ബജ്റംഗ് മുനി ആദരണീയ മതനേതാവെന്ന് യുപി പൊലീസ്
|ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ എ.എസ്.ജിയാണ് ഈ വാദമുന്നയിച്ചത്
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ, മുസ്ലിം സ്ത്രീകൾക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ബജ്റംഗി മുനി ദാസിനെ സുപ്രിംകോടതിയില് ന്യായീകരിച്ച് യുപി പൊലീസ്. വലിയ അനുയായി വൃന്ദമുള്ള സീതാപൂരിലെ ആദരണീയനായ മതനേതാവാണ് ബജ്റംഗ് മുനി എന്നാണ് സംസ്ഥാന പൊലീസിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചത്. ഹരജിയിൽ സുപ്രിംകോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു.
'ഒരു മതനേതാവിനെ വിദ്വേഷത്തിന്റെ വ്യാപാരി എന്നു വിളിക്കുമ്പോൾ അത് പ്രശ്നങ്ങൾ ഉണ്ടാക്കും. ബജ്റംഗി ബാബയുടെ ആരാധകരുടെ മതവികാരത്തെ സുബൈർ വ്രണപ്പെടുത്തി. അത് മനഃപൂർവമാണെങ്കിലും അല്ലെങ്കിലും വിചാരണ നേരിടേണ്ടതുണ്ട്. പ്രഥമദൃഷ്ട്യാ അതിക്രമം ഉണ്ടായിട്ടുണ്ട്. നിങ്ങൾ നല്ല ആളായിരുന്നു എങ്കിൽ ട്വിറ്ററിൽ കുറിപ്പിടാതെ പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടത്.' - എ.എസ്.ജി വാദിച്ചു.
മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പൊലീസിന്റെ മുമ്പിൽ വച്ച് പരസ്യമായി പറഞ്ഞയാളാണ് ബജ്റംഗി മുനിയെന്ന് സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൾസാൽവ്സ് ചൂണ്ടിക്കാട്ടി. 'മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് പൊലീസിന്റെ മുമ്പിൽ വച്ചാണ് ഒരു സന്യാസി പറയുന്നത്. ഞാനിത് ട്വീറ്റു ചെയ്തിരുന്നു. അതിന്റെ പൂർണ വീഡിയോ ഉണ്ട്. ഇക്കാര്യം അന്വേഷിക്കുന്നുണ്ട് എന്നു മാത്രമാണ് സീതാപൂർ പൊലീസ് മറുപടി നൽകിയത്. ബജ്റംഗ് മുനിയുടെ പരാമർശത്തിൽ ദേശീയ വനിതാ കമ്മിഷൻ നടപടി എടുത്തു വരികയാണ്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമായതു കൊണ്ടാണ് കേസ് അടിയന്തരമായി പരിഗണിച്ചതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഇന്ദിരാ ബാനർജി വ്യക്തമാക്കി. അതിൽ തർക്കം വേണ്ട. വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാകുന്ന ഘട്ടത്തിൽ അടിയന്തര പ്രാധാന്യം ഇല്ല എന്ന് നിങ്ങൾക്ക് പറയാനാകില്ല' - ബാനർജി കൂട്ടിച്ചേർത്തു.
ജസ്റ്റിസ് ഇന്ദിരാ ബാനർജിക്ക് പുറമേ, ജെ.കെ മഹേശ്വരി കൂടി അടങ്ങിയ ബഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. യതി നരസിംഹാനന്ദ്, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ വിദ്വേഷത്തിന്റെ വ്യാപാരികളാണ് എന്ന ട്വീറ്റിലാണ് സുബൈറിനെതിരെ യുപി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
യുപി സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സ്ഥിരം കുറ്റവാളി എന്നാണ് തുഷാർ മേത്ത സുബൈറിനെ വിശേഷിപ്പിച്ചത്. കേന്ദ്രസർക്കാറിനെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന സിൻഡിക്കേറ്റിന്റെ ഭാഗമാണ് സുബൈറെന്നും മേത്ത വാദിച്ചു. അഞ്ചു ദിവസത്തേക്കാണ് സുബൈറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
സീതാപൂരിൽ ഏപ്രിൽ രണ്ടിന് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് ബജ്റംഗ് മുനി മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. വലിയ ആൾക്കൂട്ടത്തിന് മുമ്പിൽ വച്ച് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസംഗം.