യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്ക് സസ്‌പെൻഷൻ
|ഹരിയാനയിലെ സോനിപത്തിൽ നടന്ന ട്രയൽസിൽ ബജ്‌രംഗ് പൂനിയ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി
ഗുസ്തി താരം ബജ്‍രംഗ് പൂനിയയെ സസ്പെൻഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. ഹരിയാനയിലെ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ, സാമ്പിൾ നൽകാൻ വിസമ്മതിച്ചില്ലെന്നും, സാമ്പിൾ ശേഖരിക്കാൻ എത്തിച്ചത് കാലാഹരണപ്പെട്ട കിറ്റാണെന്നും ബജ്‍രംഗ് പൂനിയ പ്രതികരിച്ചു.
സസ്പെൻഷനിലായതോടെ താരത്തിന് ടൂർണമെന്‍റിലോ, ട്രയൽസിലോ ഇനി പങ്കെടുക്കാനാകില്ല. ഒളിമ്പിക്‌സിനു മുന്നോടിയായി വരാനിരിക്കുന്ന ട്രയൽസിലും താരത്തിന് വിലക്കേർപ്പെടുത്തിയേക്കും. ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന താരം കൂടിയാണ് ബജ്റംഗ് പൂനിയ.
മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന ട്രയല്‍സിന് ശേഷം മൂത്രത്തിന്‍റെ സാമ്പിൾ നല്‍കാന്‍ പൂനിയ വിസമ്മതിച്ചിരുന്നു. ട്രയല്‍സില്‍ രോഹിത് കുമാറിനോട് തോറ്റതിന് ശേഷം സായിയുടെ കേന്ദ്രത്തില്‍ നിന്ന് പുറത്തുപോയ പൂനിയയോട് നിരവധി തവണ സാമ്പിൾ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം സമ്മതിച്ചില്ലെന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി പറയുന്നത്. രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം പൂനിയക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടിസ് നൽകിയിരുന്നെങ്കിലും ഇതുവരെയും നോട്ടിസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് സസ്‌പെൻഷൻ.