ബഹുഭാര്യത്വ നിരോധനം: ഹരജിയുമായി സുപ്രിംകോടതി മുന്നോട്ട്
|ബിജെപി നേതാവ് ആദ്യം ഹരജിക്കാരനായിരുന്ന കേസിൽ നൈസ ഹസൻ, ശബ്‌നം, ഫർസാന, ശമീന ബീഗം, മുഹ്‌സിൻ ഖാദി എന്നിവരെയും ഇതേ ആവശ്യവുമായി കക്ഷി ചേർത്തിട്ടുണ്ട്.
ന്യൂഡൽഹി: ഇസ്‌ലാമിക ശരീഅത്ത് അനുവദിച്ച ബഹുഭാര്യത്വം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കലുമായി മുന്നോട്ടുപോകാൻ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ അഞ്ചംഗ ബെഞ്ച് കേസിൽ ഒക്ടോബറിൽ വാദം കേൾക്കും. ഇസ്‌ലാമികമല്ലാത്ത ചടങ്ങ് കല്യാണം (നികാഹ് ഹലാല) നിരോധിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഭരണഘടനാ ബെഞ്ചുണ്ടാക്കി ചൊവ്വാഴ്ചതന്നെ പട്ടികയിൽപ്പെടുത്തി ഹിജാബ് കേസുപോലെ വളരെ തിരക്കിട്ടാണ് ബഹുഭാര്യത്വവും ചടങ്ങ് കല്യാണവും നിരോധിക്കണമെന്ന ആവശ്യം ഇന്നലെ കോടതി പരിഗണിച്ചത്. ബിജെപി നേതാവ് ആദ്യം ഹരജിക്കാരനായിരുന്ന കേസിൽ നൈസ ഹസൻ, ശബ്‌നം, ഫർസാന, ശമീന ബീഗം, മുഹ്‌സിൻ ഖാദി എന്നിവരെയും ഇതേ ആവശ്യവുമായി കക്ഷി ചേർത്തിട്ടുണ്ട്. മുസ്‌ലിം വിമൻസ് റെസിസ്റ്റൻസ് കമ്മിറ്റി എന്ന പേരിലുമുണ്ട് ഒരു ഹരജി. മുസ്‌ലിം വ്യക്തി നിയമം അനുവദിച്ച കാര്യങ്ങളിൽ സുപ്രിംകോടതി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് എതിർകക്ഷിയായി ചേർന്നിട്ടുണ്ട്.
ഒരു മുസ്‌ലിമിന് ഒന്നിലധികം വിവാഹം ചെയ്യാൻ അനുവദിക്കുന്ന ഇസ്‌ലാമിക നിയമത്തിലെ ബഹുഭാര്യത്വം രാജ്യത്ത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇതിനായി മുസ് ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് റദ്ദാക്കണം.
മുത്തലാഖ് നിരോധിച്ചതിന് പിന്നാലെ മുസ്‌ലിംകളുടെ ത്വലാഖ് തന്നെ നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിക്കുന്നതിന് പുറമെയാണ് ബഹുഭാര്യത്വം കൂടി തീർപ്പാക്കാനുള്ള നീക്കം. ജസ്റ്റിസ് ഇന്ദിരാ ബാനർജിക്ക് പുറമെ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എംഎം സുന്ദരേഷ്, സുധാൻഷു ധുലിയ എന്നിവരാണ് ബെഞ്ചിലുള്ളത്.