India
Ban on strike for six months in UP; Yogi Adityanath government issued an order
India

യു.പിയിൽ ആറ് മാസത്തേക്ക് സമരത്തിന് നിരോധനം; ഉത്തരവിറക്കി യോഗി ആദിത്യനാഥ് സർക്കാർ

Web Desk
|
16 Feb 2024 5:38 PM GMT

ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലഖ്‌നൗ:ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരത്തിന് നിരോധനമേർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവ്. ഉത്തരവ് ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നാണ് അധികൃതർ അറിയിക്കുന്നത്. കർഷക സമരം നടക്കുന്നതിനിടയിലാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്. എസ്മ (എസ്സൻഷ്യൽ സർവീസസ് മെയിൻറനൻസ് ആക്ട്) നിയമപ്രകാരമാണ് നടപടി.

സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാരിന് കീഴിലുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേശ് ചതുർവേദിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിലൂടെ നൽകിയത്. പഞ്ചാബിലും ഹരിയാനയിലുമാണ് കർഷക സമരം നടക്കുന്നതെങ്കിലും യുപിയിലും ഉണ്ടാകാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് നീക്കം.

കഴിഞ്ഞ വർഷവും ആറ് മാസം സമരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്നായിരുന്നു നടപടി. ഇതിനെ തുടർന്നാണ് എസ്മ നിയമം സംസ്ഥാനത്ത് കൊണ്ടുവന്നത്.

Similar Posts