ഡൽഹിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് വിലക്ക്
|കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്കിടെ വ്യാപക അക്രമം നടന്നിരുന്നു
ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ വിശ്വഹിന്ദു പരിഷത്ത് നടത്താനിരുന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചു. സംഘർഷ സാധ്യതയുള്ളതിനാൽ ഡൽഹി പോലീസാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്കിടെ വ്യാപക അക്രമം നടന്നിരുന്നു.
നാളെ രാവിലെ മുതൽ ജഹാംഗീർപുരിയിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഘോഷയാത്രകൾ നടത്താനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിരുന്നത്. ഇതിനാണ് വിലക്ക്. എന്നാൽ ഘോഷയാത്രയുമായി മുന്നോട്ട് പോകുമെന്നാണ് വിഎച്ച്പി നേതാക്കൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാമനവമിയുമായി ബന്ധപ്പെട്ട ഘോഷയാത്രകൾക്കും ഡൽഹി പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ച് ആയിരക്കണക്കിന് പേരാണ് ജഹാംഗീർപുരിയുടെ വിവിധയിടങ്ങളിൽ റാലി സംഘടിപ്പിച്ചത്. ഈ റാലിയിൽ വലിയ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും കഴിഞ്ഞ വർഷം ഹനുമാൻ ജയന്തിക്കിടയിൽ വലിയ രീതിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പു വരുത്തണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. സാമുദായിക സൗഹാർദം തകർക്കുന്ന ഘടകങ്ങളെ നിരീക്ഷണമെന്നും ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നുമാണ് സംസ്ഥാനങ്ങൾക്കുള്ള മുന്നറിയിപ്പ്.