സിദ്ധരാമയ്യക്ക് വെള്ളമില്ല; ശിവകുമാറിന്റെ കിണറുകൾ വറ്റി; ബംഗളൂരുവിനെ പിടിമുറുക്കി വരൾച്ച
|ബംഗളൂരു ട്രാഫിക്കിൽ കുടുങ്ങി വെള്ളടാങ്കറുകൾ പാൽ ലോറികൾ വെള്ളത്തിനായി ഉപയോഗിക്കാൻ തീരുമാനം
ബംഗളൂരു: ജലക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബംഗളൂരു നഗരം. മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ മഴനിരക്കായിരിന്നു കഴിഞ്ഞവർഷം ബംഗളൂരുവിൽ രേഖപ്പെടുത്തിയത്. ജലക്ഷാമം രൂക്ഷമായതോടെ റെഗുലർ ക്ലാസുകളിൽ നിന്നും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പല സ്‌കൂളുകളും.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുമാരകൃപയിലെ ഔദ്യോഗിക മന്ദിരത്തിലേക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കുഴൽകിണറുകൾ വറ്റിയതിനാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സദാശിവപുരത്തെ താമസസ്ഥലത്തും ഇതേ അവസ്ഥ തന്നെ.
തിരക്കുള്ള ബംഗളൂരു നഗരത്തിൽ കുടിവെള്ള ലോറികൾ കുതിക്കുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞു.
ജലക്ഷാമം വർധിച്ചതോടെ ടാങ്കർ ഒന്നിന് 700 മുതൽ 1500 വരേയാണ് വിലവർധിച്ചിരിക്കുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ ബംഗളൂരു ഭരണകൂടത്തിനെതിരെ വിമർശനങ്ങളും ഉയർന്നുവന്നു. ജലദൗർലഭ്യം മുന്നിൽകണ്ടുകൊണ്ട് നടപടികൾ സ്വീകരിക്കണമായിരുന്നു എന്നാണ് പൊതുവിമർശനം.
ജലദൗർലഭ്യത്തെ നേരിടാനായി കൂടുതൽ കുഴൽകിണറുകൾ കുഴിക്കുമെന്നും ടാങ്കറുകളെ പുറത്തുനിന്നിറക്കുമെന്നുമാണ് ബംഗളൂരു വികസനം അധികാരപരിധിയിലുള്ള ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മറുപടി. പാലിനായി ഉപയോഗിക്കുന്ന ടാങ്കറുകളും വെള്ളം കൊണ്ടുവരുന്നതിനായി ഉപയോഗിക്കും. ടാങ്കറൊന്നിന് താങ്ങുവില ഏർപ്പെടുത്താനും സർക്കാരിന് പദ്ധതിയുണ്ട്.
കർണാടകയിലെ 136 താലൂക്കുകളിൽ 123ലും ജലദൗർലഭ്യമുണ്ട് ഇതിൽ 109 താലൂക്കുകളും കൊടുംവരൾച്ചയുടെ വക്കിലാണ്.
എൽ നീന്യോ പ്രതിഭാസത്തിന് വന്ന ക്രമരഹിതതയാണ് കർണാടകയിലെ വരൾച്ചക്ക് കാരണമായി കണക്കാക്കുന്നത്.
വരൾച്ചക്കൊപ്പം തന്നെ സംസ്ഥാനത്തെ താപനിലയും ഉയരുകയാണ്. 1986 മാർച്ചിൽ രേഖപ്പെടുത്തിയ 37.3 ഡിഗ്രിയാണ് കർണാടകയിലെ റെക്കോഡ് ചൂടെന്നിരിക്കെ 2024 ഫെബ്രുവരി തുടക്കം തന്നെ സംസ്ഥാനത്ത് 36 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ ഇത് വർധിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
ബംഗളൂരുവിലേക്ക് കാവേരി നദിയിൽ നിന്നും ശുദ്ധജലമെത്തിക്കുന്ന മാണ്ഡ്യയിലെ കൃഷ്ണരാജ ഡാമും വറ്റിവരണ്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ടെക് നഗരം