India
Bangladesh Reverses Ban On Hilsa Fish Export To India Ahead Of Durga Puja
India

ദുർ​ഗാ പൂജയ്ക്ക് ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസയെത്തും; നിരോധനം നീക്കി ബംഗ്ലാദേശ്

Web Desk
|
22 Sep 2024 10:56 AM GMT

ദുർഗാ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ.

ധാക്ക: ദുർ​ഗാ പൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് ഏറെ ജനപ്രിയമായ ഹിൽസ മത്സ്യം എത്തും. പശ്ചിമബം​ഗാൾ അടങ്ങുന്ന ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഏറെ പ്രചാരത്തിലുള്ള ഹിൽസയുടെ കയറ്റുമതി നിരോധനം ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ പിൻവലിച്ചു. ഇതോടെ, ദുർ​ഗാ പൂജയുമായി ബന്ധപ്പെട്ട് 3000 ടൺ ഹിൽസ മത്സ്യം ഇന്ത്യയിലെത്തും. ദുർഗാ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.

ആഭ്യന്തര വിപണിയിലെ ലഭ്യത വർധിപ്പിക്കാനായി ഈ വർഷം ഇന്ത്യയിലേക്ക് ഹിൽസ മത്സ്യം കയറ്റുമതി ചെയ്യേണ്ടതില്ലെന്ന് സെപ്റ്റംബർ ആദ്യവാരം മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഹിൽസയുടെ ലഭ്യത ഉറപ്പുവരുത്താനായാണ്‌ കയറ്റുമതി നിരോധിച്ചതെന്നായിരുന്നു വാദം. ഈ തീരുമാനമാണ് ഇപ്പോൾ പുനഃപരിശോധിച്ചിരിക്കുന്നത്.

ബംഗാളിലേക്ക് ഹിൽസ മത്സ്യം കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യാപാരികളിൽനിന്ന് സെപ്റ്റംബർ 24നു മുമ്പ് അപേക്ഷകൾ സ്വീകരിക്കാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിബന്ധനകൾക്ക് വിധേയമായാണ് കയറ്റുമതി. ലോകത്തെ ഹിൽസ ഉൽപാദനത്തിന്റെ 70 ശതമാനവും ബം​ഗ്ലാദേശിലാണ്. ഇതിൽ കൂടുതലും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യൻ വിപണിയിൽ ദുർഗാ പൂജ ഉത്സവസമയത്തും മറ്റ് ആഘോഷവേളകളിലും ഹിൽസ മത്സ്യത്തിന് വലിയ ഡിമാൻഡാണ്.

പശ്ചിമ ബം​ഗാളിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന മത്സ്യമായ ഹിൽസ ദുർഗാ പൂജയുൾപ്പെടെയുള്ള ആഘോഷവേളകളിൽ വിശിഷ്ട വിഭവങ്ങളിലൊന്നായാണ് ഉപയോഗിക്കുന്നത്‌. ഇലിഷ് എന്ന പേരിലും അറിയപ്പെടുന്ന ഈ മീൻ ബംഗാളി വിഭവങ്ങളിൽ പ്രധാനമാണ്. ദുർഗാ പൂജയുടെ ആഘോഷങ്ങൾ അടുത്തിരിക്കെ മത്സ്യക്കയറ്റുമതി നിരോധിച്ചത് ചർച്ചയായിരുന്നു. പശ്ചിമ ബംഗാളിലെ മത്സ്യപ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം.

ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചതോടെ ഹിൽസയുടെ വിലയും കുതിച്ചുയർന്നിരുന്നു. ഇന്ത്യയിലും ബംഗ്ലദേശിലും ഹിൽസ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്. ദുർഗാ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ. വർഷങ്ങളായി ദുർഗാ പൂജ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള ഹിൽസ മീൻ വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ബംഗാളികൾ കാത്തിരിക്കാറ്.

അതിനാൽ തന്നെ ഇക്കാലത്ത് ഇന്ത്യയിലേക്ക് വൻതോതിൽ മത്സ്യം കയറ്റി അയയ്ക്കുന്നതിന് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത് വലിയ പ്രധാന്യം നൽകിയിരുന്നു. അക്കാലത്ത് എല്ലാ വർഷവും ആഗസ്റ്റ് മുതൽ ഒക്ടോബർ വ​രെ പത്മ ഹിൽസ മീൻ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ഹസീന സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഹസീനയെ പുറത്താക്കിയശേഷം ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാർ ഈ തീരുമാനം മാറ്റുകയായിരുന്നു.

2023ൽ ബംഗ്ലാദേശിലെ വാണിജ്യ മന്ത്രാലയം 79 കമ്പനികൾക്ക് 50 ടൺ വീതം ഏകദേശം 4,000 ടൺ ഹിൽസ മത്സ്യം ദുർഗാ പൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിച്ചിരുന്നു. പ്രത്യേക രുചിയും സ്വാദും കാരണം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആവശ്യക്കാരേറെയുള്ളതുമായ മത്സ്യമാണ് ഹിൽസ.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹിൽസ മത്സ്യമുള്ളത് ബംഗ്ലദേശിലാണ്. ബംഗ്ലദേശിന്റെ ദേശീയ മത്സ്യമാണ് ഹിൽസ. 2012ലും ഇന്ത്യയിലേക്ക് ഹിൽസ കയറ്റി അയയ്ക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടീസ്റ്റ നദീ ജലക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നായിരുന്നു അന്നത്തെ നടപടി.



Similar Posts