ശൈഖ് ഹസീനയെ ഇന്ത്യയിൽനിന്ന് തിരികെയെത്തിക്കാൻ ബംഗ്ലാദേശ്; ഇന്റർപോളിന്റെ സഹായം തേടും
|ഹസീനക്കും മറ്റു നേതാക്കൾക്കുമെതിരെ 60ഓളം പരാതികളാണ് നിലവിലുള്ളത്
ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ ഇന്ത്യയിൽനിന്ന് തിരികെയെത്തിക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഇവരോടൊപ്പം രക്ഷപ്പെട്ട മറ്റുള്ളവരെയും തിരികെയത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. തിരികെയെത്തിച്ച് വിചാരണ ചെയ്യുകയാണ് സർക്കാർ ലക്ഷ്യം.
വിദ്യാർഥി പ്രക്ഷോഭത്തെ അതിക്രൂരമായി അടിച്ചമർത്തിയെന്ന ആരോപണമാണ് ഹസീനയും മറ്റു പാർട്ടി നേതാക്കളും നേരിടുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രക്ഷോഭത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായതോടെ ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു. ഇടക്കാല സർക്കാറിന്റെ കണക്കുപ്രകാരം പ്രക്ഷോഭത്തിനിടെ 753 പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും പറയുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും വംശഹത്യയുമായിട്ടാണ് സർക്കാർ ഇതിനെ കാണുന്നത്. ഹസീനക്കും മറ്റു നേതാക്കൾക്കുമെതിരെ 60ഓളം പരാതികളാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. ഈ കുറ്റകൃത്യങ്ങൾ വിചാരണ നേരിടാനാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുന്നത്.
‘ഇന്റർപോൾ മുഖേനെ ഉടൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കും. ഈ ഒളിച്ചോടിയ ഫാസിസ്റ്റുകൾ ലോകത്തിന്റെ എവിടെപ്പോയി ഒളിച്ചിരുന്നാലും അവരെ തിരികെ എത്തിച്ച് കോടതിയിൽ വിചാരണക്ക് ഹാജരാക്കും’ -നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്റുൾ പറഞ്ഞു.