ജാർഖണ്ഡ് സർക്കാറിന്റെ വോട്ട് ബാങ്ക് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ; വിവാദ പാരാമർശവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി
|അനധികൃത കുടിയേറ്റക്കാർ ജാർഖണ്ഡിൻ്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നവരാണെന്നും ആക്ഷേപം
ലഖ്നൗ: ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാറിന്റെ പ്രാധാന വോട്ട് ബാങ്ക് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കോഡെർമയിൽ നടന്ന ബിജെപിയുടെ പരിവർത്തൻ യാത്രയിൽ സംസാരിക്കവേയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഹേമന്ത് സോറൻ സർക്കാർ പരാജയപ്പെട്ടെന്നും ജാർഖണ്ഡിനെ അഴിമതിയുടെ പേരിൽ പ്രശസ്തമാക്കിയെന്നും മൗര്യ ആരോപിച്ചു.
നേരത്തെ പശ്ചിമ ബംഗാളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലുടനീളം വൻതോതിൽ വ്യാപിച്ചെന്നും അത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണസഖ്യത്തിന്റെ വോട്ട് ബാങ്കായതിനാലാണ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്തത് എന്നും അദ്ദേഹം ആരോപിച്ചു.
അനധികൃത കുടിയേറ്റക്കാർ ജാർഖണ്ഡിൻ്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നവരാണെന്നും അവരെ സംസ്ഥാനത്ത് നിന്ന് തുരത്താൻ കഴിയുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണെന്നും കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടു. എല്ലാ മേഖലിയിലും ഹേമന്ത് സോറൻ സർക്കാർ പരാജയപ്പെട്ടു. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും ശോഭനമായ ഭാവിക്ക് വേണ്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വളർച്ചയിലേക്ക് കുതിക്കുകയാണ്. നമ്മുടെ അതിർത്തികൾ ഇപ്പോൾ സുരക്ഷിതമാണ്. ഇന്ത്യ ഉടൻ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. മൗര്യ അവകാശപ്പെട്ടു.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പദ്ധതികളാണ് പ്രതിപക്ഷമായ ബിജെപി ആസുത്രണം ചെയ്തിട്ടുള്ളത്. ജെഎംഎം സർക്കാരിൻ്റെ പരാജയങ്ങൾ തുറന്നുക്കാട്ടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആറ് 'പരിവർത്തൻ' ജാഥകൾ നടത്താനാണ് പാർട്ടിയുടെ തീരുമാനം. 24 ജില്ലകളിലെ 81 നിയമസഭാ മണ്ഡലങ്ങളിലായി 5,400 കിലോമീറ്റർ സഞ്ചരിക്കുന്ന ജാഥകൾ ഒക്ടോബർ രണ്ടിന് സമാപിക്കും. നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ബിജെപിയുടെ ഉന്നത നേതാക്കളടക്കം റാലികളിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.