"കപ്പലിനെ മുക്കുന്ന കപ്പിത്താൻ"; ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി
|മുഖ്യമന്ത്രി കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം പാർട്ടിയെ ദുർബലമാക്കുകയാണെന്നും ബന്ന ഗുപ്ത
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത. മുഖ്യമന്ത്രി കോൺഗ്രസിനെ ദുർബലമാക്കുകയാണെന്നും കോൺഗ്രസിന്റെ വോട്ടുവിഹിതം അദ്ദേഹം കുറച്ചുവെന്നും ഗുപ്ത പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മളുടേത് ഒരു കൂട്ടുകക്ഷി മന്ത്രിസഭയാണ്. നമ്മുടെ അവസ്ഥയിപ്പോൾ കപ്പിത്താൻ മുക്കിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന് സമമാണ്. കപ്പിത്താൻ തന്നെ കപ്പലിനെ മുക്കാൻ തീരുമാനിച്ചാൽ നമ്മളെ ആര് രക്ഷിക്കാനാണ്. മുഖ്യമന്ത്രി നമ്മുടെ പാർട്ടിയെ അതിന്‍റെ അന്ത്യത്തിലേക്കടുപ്പിക്കും."-ബന്ന ഗുപ്ത പറഞ്ഞു.
മുഖ്യമന്ത്രി കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം പാർട്ടിയെ ദുർബലമാക്കുകയാണെന്നും ഗുപ്ത കൂട്ടിച്ചേർത്തു. ഗുപ്തയെ പോലെ തന്നെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കൾക്കും കൂട്ടുകക്ഷി മന്ത്രിസഭയിൽ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിയുടെ നിലപാടുകളോട് വിയോജിപ്പുമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.