ചക്കയാണ് താരം; വില 4 ലക്ഷത്തിനും മുകളില്‍!
|4,33,333 രൂപക്കാണ് ചക്ക ലേലത്തില്‍ പോയത്
ബംഗളൂരു: മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട പഴമാണ് ചക്ക. അതുകൊണ്ട് തന്നെ നാട് വിട്ട് പുറംരാജ്യങ്ങളിൽ താമസിക്കുന്ന പലരും വലിയ വില കൊടുത്താണ് ചക്ക വാങ്ങാറ്. എന്നാൽ ഒരു ചക്കക്ക് നാല് ലക്ഷം രൂപയിലധികം കൊടുത്ത് ആരെങ്കിലും സ്വന്തമാക്കുമോ. അത്തരമൊരു വാർത്തയാണ് ദക്ഷിണ കർണാടകയിലെ ബന്ദ്‌വാളിൽ നിന്നും പുറത്തുവരുന്നത്.
ഇവിടുത്തെ നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മതപ്രഭാഷണം സംഘടിപ്പിച്ചിരുന്നു. സിറാജുദ്ദീൻ കാസിമി പത്തനാപുരമായിരുന്നു പ്രഭാഷകൻ. പ്രഭാഷണത്തിന് ശേഷം പള്ളിയിലേക്ക് വഴിപാടായി കൊണ്ടുവന്ന ചക്ക ലേലം ചെയ്യാൻ തുടങ്ങി. ആദ്യം ചെറിയ തുകയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 4,33,333 രൂപയിലാണ്.
പ്രാദേശിക നേതാക്കളായ അസീസും ലത്തീഫും മത്സരിച്ച് ലേലം വിളിച്ചു. അവസാനം 4,33,333 രൂപക്ക് ചക്ക ലത്തീഫ് സ്വന്തമാക്കി. ലേല നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലത്തീഫ് നാട്ടിലെ താരമായി. ഒരു ചക്കയ്ക്ക് ഭീമമായ തുക നൽകിയ ലേലം കൊണ്ടതിൽ എല്ലാവരും ആശ്ചര്യത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. ഇത് മാത്രമല്ല പള്ളിയിലേക്ക് വഴിപാടായി ലഭിച്ച മറ്റെല്ലാ സാധനങ്ങളും നല്ല വിലക്കാണ് ലേലം ചെയ്തത്.
സ്‌കോട്ടലന്റിലെ എഡിൻബറോയിലും സമാനമായ രീതിയിൽ വൻതുകക്ക് ചക്ക ലേലത്തിൽ പോയിരുന്നു. സ്‌കോട്‌ലന്റിലെ സിറോ മലബാർ പള്ളിയിലാണ് ചക്ക വലിയ തുകക്ക് ലേലത്തിൽ പോയത്.1400 പൗണ്ട് ഏകദേശം 1,40,000 ഇന്ത്യൻ രൂപക്കാണ് ഇവിടെ ചക്ക ലേലം കൊണ്ടത്. എഡിൻബറോ സെന്റ് അൽഫോൺസാ ആന്റ് അന്തോണി പള്ളിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലേലത്തുകയായി ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു