ഫിറോസ്പൂരിൽ മോദിക്ക് സുരക്ഷാ വീഴ്ച; ബത്തിൻഡ എസ്.പിക്ക് സസ്‌പെൻഷൻ
|2022 ജനുവരി അഞ്ചിനായിരുന്നു സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ 20 മിനിറ്റോളം തടഞ്ഞുവെക്കുകയായിരുന്നു.
ബത്തിൻഡ (പഞ്ചാബ്): കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതിൽ ബത്തിൻഡ എസ്.പിയെ സസ്‌പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.പി ഗുർവിന്ദർ സിങ് സങ്ഗയെ സസ്‌പെൻഡ് ചെയ്തത്.
2022 ജനുവരി അഞ്ചിനായിരുന്നു സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ 20 മിനിറ്റോളം തടഞ്ഞുവെക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഫിറോസ്പൂരിന്റെ ചുമതലയുണ്ടായിരുന്ന എസ്.പിയായിരുന്നു ഗുർവിന്ദർ സിങ്. ഇപ്പോൾ അദ്ദേഹം ബത്തിൻഡ എസ്.പിയാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക കമ്മിറ്റി എസ്.പിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി, വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സുരക്ഷ നൽകിയില്ല, പ്രധാനമന്ത്രി വരുന്ന വഴി സംബന്ധിച്ച് രണ്ട് മണിക്കൂർ മുമ്പ് തന്നെ വിവരമുണ്ടായിട്ടും പ്രതിഷേധക്കാരെ മാറ്റിയില്ല തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.