മോദിക്കെതിരായ ഡോക്യുമെന്ററി; അപകീർത്തിക്കേസില്‍ ബിബിസിക്ക് സമൻസ്
|ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി
മോദിക്കെതിരായ ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' സംപ്രേക്ഷണം ചെയ്ത ബിബിസിക്ക് സമൻസ്. ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി. ഡൽഹി അഡീഷണൽ ജില്ലാ ജഡ്ജി രുചിക സിംഗ്ഗയാണ് സമൻസ് അയച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന പേരിൽ ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് എംബസി രേഖകളും മുൻ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചായിരുന്നു ഡോക്യുമെന്‍ററി. ഡോക്യുമെന്‍ററിക്ക് സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ച് നേരത്തെ ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ട റെയ്ഡാണ് നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. റെയ്ഡല്ല, ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് അന്ന് ആദായ നികുതി വകുപ്പ് അറിയിച്ചത്.