ബിബിസി ഡോക്യുമെന്‍റി നിരോധനം; ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും
|അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബിബിസി ഡോക്യുമെന്‍ററിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
ഡല്‍ഹി: ബിബിസി ഡോക്യുമെന്‍റി നിരോധനത്തിനെതിരായ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം. ഫെബ്രുവരിആറിനാണ് ഹരജിയിൽ വാദം കേൾക്കുക.അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബിബിസി ഡോക്യുമെന്‍ററിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹരജിയിൽ താൻ ഭരണഘടനാപരമായ ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വാർത്തകളും വസ്തുതകളും റിപ്പോർട്ടുകളും കാണാൻ ആർട്ടിക്കിൾ 19 (1) (2) പ്രകാരം പൗരന്മാർക്ക് അവകാശമുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനിക്കേണ്ടതുണ്ടെന്നും ശർമ വ്യക്തമാക്കിയിരുന്നു.
'മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിർദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പൊപഗണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്‍ററിയെ വിലയിരുത്തിയത്.