‘അരാരിയയിൽ ജീവിക്കാൻ ഹിന്ദുവായിരിക്കണം’; വിവാദ പരാമർശവുമായി ബിജെപി എംപി
|അരാരിയയിൽ നിന്ന് രണ്ട് തവണ എംപിയായ വ്യക്തിയാണ് പ്രദീപ് കുമാർ സിങ്
പട്ന: അരാരിയയിൽ ജീവിക്കാൻ ഹിന്ദുവായിരിക്കണമെന്ന വിവാദ പരാമർശവുമായി ബിഹാറിലെ അരാരിയയിൽനിന്നുള്ള ബിജെപി എംപി പ്രദീപ് കുമാർ സിങ്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയും ബെഗുസാരായി എംപിയുമായ ഗിരിരാജ് സിങ്ങിൻ്റെ അഞ്ച് ദിവസത്തെ ഹിന്ദു സ്വാഭിമാൻ യാത്രയുടെ പരിപാടിയിലാണ് പ്രദീപ് കുമാർ സിങ് വിവാദ പരാമർശം നടത്തിയത്. വടക്കുകിഴക്കൻ ബിഹാറിലെ അരാരിയയിൽ നിന്ന് രണ്ട് തവണ എംപിയായ വ്യക്തിയാണ് പ്രദീപ് കുമാർ സിങ്.
'സ്വയം ഹിന്ദു എന്ന് വിളിക്കുന്നതിൽ എന്ത് നാണക്കേടാണ് ഉള്ളത്? ഒരാൾക്ക് അരാരിയയിൽ താമസിക്കണമെങ്കിൽ അയാൾ ഹിന്ദുവായി മാറണം' എന്ന് കഴിഞ്ഞദിവസം താക്കൂർബാഡി ക്ഷേത്ര പരിസരത്ത് നടന്ന സമ്മേളനത്തിൽ പ്രദീപ് കുമാർ സിങ് പറഞ്ഞു.
അരാരിയ ലോക്സഭാ മണ്ഡലത്തിൽ മൊത്തം ജനസംഖ്യയുടെ 40 ശതമാനം മുസ്‍ലിംകളാണ്. ബിജെപി എംപിയുടെ പരാമർശനത്തിനെതിരെ സഖ്യകക്ഷിയായ ജെഡിയുവിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നുവന്നു. ഒരു പ്രത്യേക മതം പിന്തുടരുന്നവർ മാത്രം അരാരിയയിൽ തുടരുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ജെഡിയു സംസ്ഥാന വക്താവ് നീരജ് കുമാർ ചോദിച്ചു.