തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂറുമാറ്റം തടയാൻ മുൻകരുതൽ നടപടികളുമായി കോൺഗ്രസ്
|2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ 40ൽ 17 സീറ്റുകൾ നേടിയത് കോൺഗ്രസ് ആയിരുന്നു. എന്നാൽ 13 സീറ്റുകൾ മാത്രം നേടിയ ബി.ജെ.പി ചെറിയ പാർട്ടികളെയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കുകയായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂറുമാറ്റം തടയാൻ മുൻകരുതൽ നടപടികളുമായി കോൺഗ്രസ്. 2017ൽ ഗോവയിൽ കേവല ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അബദ്ധം ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രമം.
തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ഉന്നത നേതാക്കളെ നിരീക്ഷകരായി അയച്ചിട്ടുണ്ട്. തൂക്കുസഭകൾ വരികയാണെങ്കിൽ എത്രയും വേഗം സഖ്യചർച്ചകൾ പൂർത്തിയാക്കാനും പെട്ടെന്ന് തീരുമാനമെടുക്കാനുമാണ് നേതാക്കളെ നിയോഗിച്ചിരിക്കുന്നത്. പതിവിൽ നിന്ന് ഭിന്നമായി തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങളും നടന്നിരുന്നു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ 40ൽ 17 സീറ്റുകൾ നേടിയത് കോൺഗ്രസ് ആയിരുന്നു. എന്നാൽ 13 സീറ്റുകൾ മാത്രം നേടിയ ബി.ജെ.പി ചെറിയ പാർട്ടികളെയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം പ്രതിപക്ഷനേതാവായിരുന്ന ബാബു കാവ്‌ലേക്കറിന്റെ നേതൃത്വത്തിൽ 15 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറി. നിലവിൽ ബി.ജെ.പി സർക്കാരിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയാണ് അദ്ദേഹം.
ആഴ്ചകൾക്ക് മുമ്പ് കോൺഗ്രസ് സ്ഥാനാർഥികളെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു. അധികാരത്തിനായുള്ള വിലപേശലുകൾ ആരംഭിക്കുമ്പോൾ എം.എൽ.എമാരെ പിടിച്ചുനിർത്താൻ ഇത് മതിയാവില്ലെന്ന് മനസിലാക്കിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം.
ഗോവക്ക് പുറമെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലും കോൺഗ്രസ് 'മിഷൻ എം.എൽ.എ' പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. നാലിൽ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും അധികാരത്തിലെത്താനാവുമെന്നാണ് പ്രതീക്ഷയെങ്കിലും തൂക്കുസഭ വരാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല.