India
Indra Bai

അറസ്റ്റിലായ ഇന്ദ്ര ബായി

India

ഇരുനില വീടും കൃഷിഭൂമിയും; മാസവരുമാനം രണ്ടര ലക്ഷം: മക്കളെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച് യുവതി,അറസ്റ്റില്‍

Web Desk
|
13 Feb 2024 8:25 AM GMT

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് ഇന്ദ്ര ലക്ഷങ്ങളുടെ സ്വത്തുക്കള്‍ സമ്പാദിച്ചത്

ഇന്‍ഡോര്‍: ഇരുനില വീട്, കൃഷി ഭൂമി, ഇരുപതിനായിരം രൂപയുടെ സ്മാര്‍ട് ഫോണ്‍, മാസ വരുമാനം രണ്ടര ലക്ഷം രൂപ.... ഇന്‍ഡോറിലെ ഇന്ദ്ര ബായി എന്ന സ്ത്രീ മക്കളെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടാല്‍ ആരും ഞെട്ടിപ്പോകും. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് ഇന്ദ്ര ലക്ഷങ്ങളുടെ സ്വത്തുക്കള്‍ സമ്പാദിച്ചത്.

സ്ഥിരം കുറ്റവാളിയായ ഇന്ദ്രയെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ നിര്‍ബന്ധിച്ച് ഭിക്ഷയെടുപ്പിച്ചതിന് കേസെടുത്ത് തിങ്കളാഴ്ച ജയിലിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ പെണ്‍മക്കള്‍ ഇപ്പോള്‍ ഒരു എന്‍ജിഒയുടെ സംരക്ഷണയിലാണ്. പട്ടിണി കിടക്കുന്നതിനു പകരമാണ് ഭിക്ഷാടനം തെരഞ്ഞെടുത്തതെന്നും മോഷ്ടിക്കുന്നതിനെക്കാള്‍ ഭേദമല്ലേ അതെന്നും ഇന്ദ്ര എന്‍ജിഒ പ്രവര്‍ത്തകരോട് ചോദിച്ചു. 10,8,7,3,2 വയസുകളുള്ള അഞ്ച് കുട്ടികളാണ് ഇന്ദ്ര ബായിക്ക്. മുതിര്‍ന്ന കുട്ടികളെ ഇന്‍ഡോറിലെ തിരക്കേറിയ ലവ് കുശ് സ്ക്വയറിലാണ് ഭിക്ഷാടനത്തിനായി നിര്‍ത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് മഹാകാല്‍ ക്ഷേത്രത്തിലെ തീര്‍ഥാടകരെയും ലക്ഷ്യമിട്ടിരുന്നു. തീര്‍ഥാടകര്‍ ഒരിക്കലും ഭിക്ഷക്കാരായ കുട്ടികളെയും സ്ത്രീകളെയും ഓടിക്കാന്‍ സാധ്യതയില്ലെന്നും ഇന്ദ്ര പറയുന്നു. മഹാകൽ ലോക് ഇടനാഴിയുടെ നിർമാണത്തിന് ശേഷം തൻ്റെ വരുമാനം വർധിച്ചുവെന്ന് അവർ കൂട്ടിച്ചേര്‍ത്തു. ഇടനാഴിയുടെ നിര്‍മാണത്തിനു മുന്‍പ് പ്രതിദിനം 2500 ഓളം ഭക്തരാണ് എത്തിയിരുന്നതെങ്കില്‍ ഇന്ന് പ്രതിദിനം 1.75 ലക്ഷം പേര്‍ വരുന്നതായി അധികൃതര്‍ പറഞ്ഞു.

ഫെബ്രുവരി 9 ന് മകളോടൊപ്പം ഭിക്ഷാടനം നടത്തുന്നതിനിടെ ഇന്ദ്ര പിടിയിലാകുന്നത്. ഈ സമയം ഇന്ദ്രയുടെ ഭര്‍ത്താവ് രണ്ട് കുട്ടികളും അവിടെ നിന്നും രക്ഷപ്പെട്ടു. ഇന്ദ്രയുടെ കയ്യില്‍ 19,600 രൂപയും പെൺകുട്ടിയുടെ പക്കൽ നിന്ന് 600 രൂപയും ഉദ്യോഗസ്ഥർ കണ്ടെത്തി.അറസ്റ്റിന് 45 ദിവസം മുമ്പ് താൻ 2.5 ലക്ഷം രൂപ സമ്പാദിച്ചതായി ഇന്ദ്ര വെളിപ്പെടുത്തി.രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഇരുനില വീടും കൃഷിഭൂമിയും തനിക്കുണ്ടെന്നും നല്ല സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും ഭർത്താവ് മോട്ടോർ സൈക്കിളിലാണ് യാത്ര ചെയ്യുന്നതെന്നും ഇന്ദ്ര പറഞ്ഞു. ഇതെല്ലാം ഭിക്ഷാടനത്തിലൂടെ നേടിയതാണെന്നും അവര്‍ വ്യക്തമാക്കി.

യാചകരെ പുനരധിവസിപ്പിക്കുന്നതിനായി ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻജിഒ ആയ സൻസ്താ പ്രവേശ് ഇൻഡോറിലെ ഏകദേശം 7,000 ഭിക്ഷാടകരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഏകദേശ കണക്ക് പ്രകാരം യാചകര്‍ മൊത്തം പ്രതിവർഷം 20 കോടിയിലധികം രൂപ സമ്പാദിക്കുന്നുവെന്ന് എൻജിഒ വോളണ്ടിയർ രൂപാലി ജെയിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Related Tags :
Similar Posts