വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണം: ബോംബെ ഹൈക്കോടതി
|മതവിദ്വേഷം പരത്തുന്ന സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
മുംബൈ: വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും ബോംബെ ഹൈക്കോടതി. മതവിദ്വേഷം പരത്തുന്ന സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. കേസ് റദ്ദാക്കമെന്ന് മുംബൈ സ്വദേശിയായ കിഷോർ ലാങ്കർ എന്ന യുവാവ് സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി.
വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോൾ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്ന് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു. വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ ഉദ്ദേശ്യം കോണ്ടാക്ടിലുള്ളവരെ എന്തെങ്കിലും അറിയിക്കുക എന്നതാണ്. എല്ലാവരും പതിവായി വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പരിശോധിക്കുന്നവരുമാണെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്.എ.മെനസിസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ കിഷോർ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു ചോദ്യം ചോദിക്കുകയും ഇതേക്കുറിച്ച് ഗൂഗിളിൽ തിരയാൻ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ഗൂഗിളിൽ തിരഞ്ഞപ്പോൾ മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടെതെന്ന് പരാതിയിൽ പറയുന്നു.
മതവിദ്വേഷം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രമേ സ്റ്റാറ്റസ് കാണാൻ സാധിച്ചിരുന്നുള്ളൂ എന്നും പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതി പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് ഗൂഗിളിൽ സെർച്ച് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചെന്ന് കോടതി വിലയിരുത്തി. പ്രതിയുടെ പ്രവൃത്തി ബോധപൂർവവും ദുരുദ്ദേശ്യപരവുമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് റദ്ദാക്കണമെന്ന അപേക്ഷ തള്ളുകയായിരുന്നു.