India
Babri Masjid
India

‘ബാബരി മസ്ജിദിന് താഴെ ക്ഷേത്രമല്ല’; 2003ലെ എ.എസ്.ഐ റിപ്പോർട്ടിൽ സംഭവിച്ചതെന്ത്?

Web Desk
|
20 Jan 2024 12:09 PM GMT

‘അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാൻ എ.എസ്.‌ഐ മൂന്ന് തെളിവുകളാണ് ഉപയോഗിച്ചത്’

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രം സംബന്ധിച്ച ചർച്ചകളാണ് രാജ്യമെങ്ങും. തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെ പ്രണപ്രതിഷ്ഠ ചടങ്ങ്. 1992ൽ കർസേവകർ മസ്ജിദ് തകർത്തതും 2003ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) റിപ്പോർട്ടുമെല്ലാം ക്ഷേത്ര നിർമാണത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു.

ബാബരി മസ്ജിദിന് താഴെ ക്ഷേത്രത്തിന്റെ തെളിവുകൾ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ എ.എസ്.ഐ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് 2003 ആഗസ്റ്റിലാണ് അലഹബാദ് ഹൈകോടതിയിൽ സമർപ്പിക്കുന്നത്. 574 പേജുകൾ വരുന്ന ദീർഘമായ റിപ്പോർട്ടായിരുന്നുവത്. തകർക്കപ്പെട്ട പള്ളിക്ക് താഴെ വലിയ നിർമിതിയുടെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, എ.എസ്.‌ഐയുടെ റിപ്പോർട്ട് അവ്യക്തവും പരസ്പര വിരുദ്ധവുമാണെന്ന് കേസിൽ കക്ഷിയായ സുന്നി വഖഫ് ബോർഡ് അന്ന് വ്യക്തമാക്കിയിരുന്നു.

സുന്നി വഖഫ് ബോർഡിന് വേണ്ടി പുരാവസ്തു ഗവേഷകരായ സുപ്രിയ വർമ്മയും ജയ മേനോനും എ.എസ്‌.ഐയുടെ ഖനനം നിരീക്ഷിച്ചിരുന്നു. എ.എസ്.‌ഐയുടെ ഫലങ്ങളെയും തുടർന്നുള്ള അലഹബാദ് ഹൈക്കോടതി വിധിയെയും അവർ എതിർത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ഇരുവരും ചേർന്ന് 2010 സെപ്റ്റംബറിൽ ഒരു പ്രബന്ധം എഴുതി. ഖനനത്തിനിടെ എ.എസ്.ഐ പിന്തുടർന്ന വിവിധ രീതികളെ ഇരുവരും എതിർത്തതായി ലേഖനത്തിൽ വ്യക്തമാക്കുന്നു. എ.എസ്.‌ഐ ഗവേഷകരുടെ മനസ്സിൽ നേരത്തെ തന്നെ മുൻവിധി ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഗവേഷകരുടെ മേൽ സമ്മർദ്ദമുള്ളതിനാലാണ് എ.എസ്‌.ഐയുടെ റിപ്പോർട്ട് ചോദ്യം ചെയ്യാതെ പോയതെന്ന് ഇവർ വാദിക്കുന്നു. ഇന്ത്യയിലോ പുറത്തുനിന്നോ ഉള്ള ഏതൊരു പുരാവസ്തു ഗവേഷകനും സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനോ ഖനനം ചെയ്യാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എ.എസ്.‌ഐയിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ഒരു ഫീൽഡ് ആർക്കിയോളജിസ്റ്റും എ.എസ്.ഐക്കെതിരെയോ അതിന്റെ പഴഞ്ചൻ രീതികൾക്കെതിരെയോ സംസാരിക്കാൻ തയാറല്ലെന്നും അവർ​ ലേഖനത്തിൽ കുറിച്ചു.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു പ്രൊഫസറായ സു​പ്രിയ വർമ്മ ഹഫിംഗ്ടൺ പോസ്റ്റിനോടും ഇക്കാര്യങ്ങൾ വിശദീരകരിച്ചിരുന്നു. എങ്ങനെയാണ് എ.എസ്‌.ഐ അതിന്റെ ഫലങ്ങളിൽ എത്തിയതെന്നും അവരുടെ നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ചും അവർ വ്യക്തമാക്കി. ബാബരി മസ്ജിദിന് കീഴിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. ബാബരി മസ്ജിദിന് കീഴിൽ യഥാർത്ഥത്തിൽ പഴയ മസ്ജിദായിരുന്നുവെന്നും സുപ്രിയ പറയുന്നു.

അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാൻ എ.എസ്.‌ഐ മൂന്ന് തെളിവുകളാണ് ഉപയോഗിച്ചത്. ഇതെല്ലാം സംശയാസ്പദമാണ്. പടിഞ്ഞാറൻ ചുരമരാണ് ഒരു തെളിവ്. പടിഞ്ഞാറ് ഭാഗത്തെ ചുമര് പള്ളികളുടെ സവിശേഷതയാണ്. ഈ ഭാഗത്തേക്ക് തിരിഞ്ഞാണ് ആളുകൾ നമസ്കരിക്കാറ്. അത് ക്ഷേത്രത്തിന്റെ സവിശേഷതയല്ല. ക്ഷേത്രത്തിന് വളരെ വ്യത്യസ്ത രീതിയാണുള്ളത്.

50 തൂണുകളുടെ അടിത്തറയാണ് മറ്റൊരു തെളിവായി കാണിച്ചത്. ഇവ പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞങ്ങൾ ഇതിനെക്കുറിച്ച് നിരവധി പരാതികൾ കോടതിയിൽ സമർപ്പിച്ചു. തൂണുകളുടെ അടിത്തറയെന്ന് അവർ അവകാശപ്പെട്ട വസ്തുകൾ യഥാർഥത്തിൽ തകർന്ന ഇഷ്ടിക കഷ്ണങ്ങളാണ്.

വാസ്തുവിദ്യാ ശേഷിപ്പുകളാണ് മൂന്നാമത്തെ തെളിവ്. ഇവയൊന്നും ഖനനത്തിൽ കണ്ടെത്തിയതല്ല. മസ്ജിദിന്റെ ചുണ്ണാമ്പുകല്ലിന് മുകളിൽ കിടന്നിരുന്ന അവശിഷ്ടങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഇതൊരു ശിലാക്ഷേത്രമായിരുന്നുവെങ്കിൽ കൂടുതൽ ശിൽപ അവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു.

ബാബരി മസ്ജിദ് പരിസരത്ത് മുമ്പ് നടന്ന ഉത്ഖനനങ്ങളെക്കുറിച്ചും സുപ്രിയ വർമ്മ സംസാരിക്കുന്നുണ്ട്. 1861ൽ എ.എസ്.ഐയുടെ ആദ്യ ഡയറക്ടർ ജനറലായിരുന്ന അലക്സാണ്ടർ കണ്ണിങ്ഹാമിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഖനനം. രണ്ട് ബുദ്ധ സ്തൂപങ്ങളും ഒരു വിഹാരയുമുള്ള മൂന്ന് കുന്നുകളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പ്രദേശത്തെ ചില ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് വാക്കാൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ അതിനെക്കുറിച്ച് പരാമർശമൊന്നുമില്ലെന്ന് സുപ്രിയ വർമ്മ പറയുന്നു.

1969ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പുരാവസ്തു വകുപ്പാണ് ബാബരി മസ്ജിദിന് സമീപം രണ്ടാമത്തെ ഖനനം നടത്തിയത്. ഈ ഉത്ഖനനത്തിൽ നിന്നുള്ള കുറച്ച് രേഖകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ആദ്യകാല ചരിത്രകാലത്തും മധ്യകാലഘട്ടത്തിലും ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി അതിൽ പറയുന്നു.

1975നും 1980നും ഇടയിൽ എ.എസ്.ഐയുടെ അന്നത്തെ ഡയറക്ടർ ജനറലായിരുന്ന ബി.ബി. ലാൽ പദ്ധതി പുനരുജ്ജീവിപ്പിച്ചു. ലാലിന്റെ പ്രാരംഭ റിപ്പോർട്ടിൽ മറ്റു പഠനങ്ങളിൽനിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇത് പ്രദേശത്തിന്റെ ചരിത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. കാരണം 1988 ആയപ്പോഴേക്കും അയോധ്യ, മഥുര, വാരണാസി എന്നീ മൂന്ന് സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്ന് കാണിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വരികയുണ്ടായി. അതേവർഷം തന്നെ ബി.ബി. ലാൽ 1975നും 1978നും ഇടയിൽ അയോധ്യയിൽനിന്ന് എടുത്തതും കുഴിച്ചെടുത്തതുമായ സ്തംഭങ്ങളുടെ ഫോട്ടോകൾ ആർ.എസ്.എസ് ജേണലായ മന്തനിൽ പ്രസിദ്ധീകരിച്ചു. ക്രൊയേഷ്യയിൽ നടന്ന വേൾഡ് ആർക്കിയോളജിക്കൽ കോൺഗ്രസിലും അദ്ദേഹം ഫോട്ടോകൾ പ്രദർശിപ്പിച്ചു.

ഖനനം നടത്തുകയാണെങ്കിൽ ക്ഷേത്രത്തിന്റെ തെളിവ് കണ്ടെത്താനാകുമെന്ന് അദ്ദേഹം വാദിച്ചു. ഇത് ഏറ്റെടുത്ത ബി.ജെ.പിക്ക് രാഷ്ട്രീയമായ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. കൂടാതെ 1992ൽ കർസേവകർ മസ്ജിദ് തകർക്കുകയും ചെയ്തു. 1999ൽ എൻ.ഡി.എ മുന്നണി അധികാരത്തിൽ വന്നതോടെ ഖനനം വീണ്ടും ചർച്ചയാകാൻ തുടങ്ങിയെന്നും സുപ്രിയ വർമ്മ വ്യക്തമാക്കുന്നു. തുടർന്ന് 2002ൽ അലഹബാദ് ഹൈക്കോടതി എ.എസ്.‌ഐയോടെ ഖനനം നടത്താൻ ഉത്തരവിടുകയായിരുന്നു.

എ.എസ്.ഐയുടെ അന്തിമ റിപ്പോർട്ടിൽ അവർ ആഗ്രഹിക്കുന്ന പലതും കൂട്ടിച്ചേർത്തു. അതിന്റെ പ്രാരംഭ ഭാഗങ്ങൾ സാധാരണ പോലെയായിരുന്നു. എന്നാൽ, ഉപസംഹാരം അസാധാരണമാണെന്ന് സുപ്രിയ വർമ്മ ഹഫിംഗ്ടൺ പോസ്റ്റിനോട് വ്യക്തമാക്കി.

റിപ്പോർട്ട് മുഴുവൻ വായിച്ചാൽ ഒരു ക്ഷേത്രത്തെപ്പറ്റിയും പരാമർശമില്ല. ഇതൊരു ശരിയായ റിപ്പോർട്ടാണ്. എല്ലുകളെക്കുറിച്ചും മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചുമുള്ള അധ്യായം മാത്രമാണ് അതിൽനിന്ന് ഒഴിവാക്കിയത്. ഓരോ അധ്യായവും എഴുതിയ ആളുകളുടെ പേരുകൾ അതിൽ നൽകിയിട്ടുണ്ട്. എന്നാൽ, ഉപസംഹാരത്തിൽ ആരുടെയും പേര് നൽകിയിട്ടില്ല.

റിപ്പോർട്ടിലെ ഉപസംഹാരത്തിന്റെ അവസാന ഖണ്ഡികയിൽ, പടിഞ്ഞാറൻ ചുമരും തൂണുകളുടെ അടിത്തറയും വാസ്തുവിദ്യാ ശേഷിപ്പുകളും കണക്കിലെടുക്കുമ്പോൾ ബാബരി മസ്ജിദിന് താഴെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചേർക്കുകയായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ മൂന്ന് വരികളിലായി എഴുതിചേർക്കുകയായിരുന്നു. അല്ലാതെ ഒരിടത്തും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെക്കുറിച്ച് പറയുന്നില്ല. ബാബരി മസ്ജിദിന് തഴെ പല കാലഘട്ടങ്ങളിലായുള്ള പള്ളികളുടെ അവശിഷ്ടങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വദിച്ചതെന്നും സുപ്രിയ വർമ്മ വ്യക്തമാക്കുന്നു.

Similar Posts