India
middaymealsschool, Benches burned at Patna school,Bihar,സ്കൂള്‍ ഉച്ചഭക്ഷണം,ബിഹാര്‍,
India

സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യാൻ ബെഞ്ചുകൾ കത്തിച്ച സംഭവം; പരസ്പരം പഴിചാരി അധ്യാപകർ, അന്വേഷണത്തിന് ഉത്തരവ്

Web Desk
|
13 Jan 2024 7:49 AM GMT

വിറകിന് പകരം ബെഞ്ച് അടുപ്പിൽ കത്തിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

പട്‌ന: ബിഹാര്‍ തലസ്ഥാനമായ പട്നയിലെ സർക്കാർ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ബെഞ്ചുകൾ കത്തിച്ച സംഭവത്തിൽ വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വിറകിന് പകരം ബെഞ്ച് അടുപ്പിൽ കത്തിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പട്‌ന ജില്ലയിലെ ബിഹ്ത ബ്ലോക്കിലെ സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകക്കാർ സ്‌കൂളിലെ ബെഞ്ചുകൾ കത്തിക്കുന്നത് വീഡിയോകളിൽ കാണാം. ഭക്ഷണം പാകം ചെയ്യാൻ വിറക് ഇല്ലെന്നാണ് പാചക്കാരുടെ വാദം. സ്‌കൂളിലെ അധ്യാപിക തന്നെയാണ് ബെഞ്ചുകൾ കത്തിക്കാൻ ആവശ്യപ്പെട്ടത്. ആ അധ്യാപിക തന്നെയാണ് വീഡിയോ എടുത്തതെന്നും വൈറലാക്കിയതെന്നും പാചകക്കാർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, പാചകക്കാർ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അധ്യാപിക സവിത കുമാരി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും സ്‌കൂൾ പ്രിൻസിപ്പലാണ് ബെഞ്ചുകൾ കത്തിക്കാൻ ഉത്തരവിട്ടതെന്നും അധ്യാപിക പറയുന്നു. എന്നാൽ അധ്യാപികയുടെ ആരോപണം പ്രിൻസിപ്പലും തള്ളി. വിദ്യാഭ്യാസം കുറഞ്ഞവരാണ് പാചകക്കാരെന്നും അവർക്ക് സംഭവിച്ച അബദ്ധമാണെന്നും പ്രിൻസിപ്പൽ പ്രവീൺ കുമാർ രഞ്ജൻ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് പാചകവാതകം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആ ദിവസം പുറത്ത് നല്ല തണുപ്പായതിനാൽ അവർ ബെഞ്ചുകൾ വിറകായി ഉപയോഗിച്ചെന്നും പ്രിൻസിപ്പൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും വീഡിയോകൾ പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നിവേശ് കുമാർ അറിയിച്ചു.

Similar Posts