India
പുലർച്ചെ രണ്ട് മണിക്ക് നിയമസഭാ സമ്മേളനം; ബംഗാളിൽ അസാധാരണ നീക്കവുമായി ഗവർണർ
India

പുലർച്ചെ രണ്ട് മണിക്ക് നിയമസഭാ സമ്മേളനം; ബംഗാളിൽ അസാധാരണ നീക്കവുമായി ഗവർണർ

Web Desk
|
24 Feb 2022 1:22 PM GMT

ഗവർണറുടെ തീരുമാനപ്രകാരം ബംഗാൾ നിയമസഭ മാർച്ച് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് ചേരും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അർധരാത്രി നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

ബംഗാളിൽ മാർച്ച് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് നിയമസഭ വിളിച്ച് ഗവർണർ ജഗ്ദീപ് ധാൻകർ. അർധരാത്രി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം അസാധാരണമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

''ഭരണഘടനയുടെ ആർട്ടിക്കിൾ 174 (1) പ്രകാരം മന്ത്രിസഭയുടെ നിർദേശമനുസരിച്ച് മാർച്ച് ഏഴിന് അർധരാത്രിക്ക് ശേഷം രണ്ട് മണിക്ക് നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. അസാധാരണവും ചരിത്രവുമാണ് ഇത്. പക്ഷെ അത് മന്ത്രിസഭാ തീരുമാനമാണ്''-ഗവർണർ ട്വീറ്റ് ചെയ്തു.

മാർച്ച് ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭാ വിളിച്ചു ചേർക്കാൻ ശിപാർശ ചെയ്ത് സർക്കാർ ഫെബ്രുവരി 17ന് ഗവർണർക്ക് കത്ത് നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭരണഘടനയുടെ ആർട്ടിക്കിൾ 166 (3) പ്രകാരമുള്ള ബിസിനസ് നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണ്ടി ഗവർണർ ശിപാർശ മടക്കി അയച്ചു.

പരസ്പരമുള്ള ആശയവിനിമയത്തിന് ശേഷം വീണ്ടും ഗവർണർക്കയച്ചപ്പോൾ ടൈപ്പിങ് പിശക് കാരണം 2 pm എന്നത് 2 am എന്നായിപ്പോവുകയായിരുന്നു. ഇത് സംബന്ധിച്ച ആശയവിനിമയത്തിന് ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയോട് രാജ്ഭവനിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് എത്താനായില്ല. ഇതിനെ തുടർന്ന് കാബിനറ്റ് ആവശ്യപ്പെട്ട പ്രകാരം പുലർച്ചെ രണ്ട് മണിക്ക് നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീരുമാനം അംഗീകരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

''2 am എന്നത് ടൈപ്പിങ് പിശകായിരുന്നു. അത് ഗവർണർക്ക് തിരുത്താമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്യാത്തതിനാൽ ഇപ്പോൾ നിയമസഭാ സമ്മേളനം അർധരാത്രിക്ക് ശേഷം ആരംഭിക്കും. സംസ്ഥാനം അയച്ച ആദ്യ രണ്ട് കുറിപ്പുകളിൽ ഉച്ചക്ക് രണ്ട് മണി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഗവർണർക്ക് അയച്ച കുറിപ്പിൽ തെറ്റ് പറ്റി''-സ്പീക്കർ വിമൻ ബാനർജി പറഞ്ഞു.

ഗവർണറുടെ തീരുമാനപ്രകാരം ബംഗാൾ നിയമസഭ മാർച്ച് ഏഴിന് പുലർച്ചെ രണ്ട് മണിക്ക് ചേരും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അർധരാത്രി നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.


Related Tags :
Similar Posts