India
Bangladeshi national
India

ഭാര്യ ബംഗ്ലാദേശ് പൗരയാണെന്നറിഞ്ഞത് 14 വർഷത്തിന് ശേഷം; നിയമ നടപടിയുമായി ഭർത്താവ്

Web Desk
|
27 Sep 2023 4:31 AM GMT

ഇന്ത്യൻ പൗരത്വം ലഭിക്കാൻ വേണ്ടി തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നാണ് പരാതി

കൊൽക്കത്ത: ഭാര്യ ബംഗ്ലാദേശ് പൗരയാണെന്നത് ഭർത്താവ് അറിഞ്ഞത് 14 വർഷത്തിന് ശേഷം. കൊൽക്കത്തയിലെ വ്യവസായിയാണ് ഭാര്യക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ഇന്ത്യൻ പൗരത്വം നേടിയെടുക്കാൻ തന്നെ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഭർത്താവ് ഭാര്യക്കെതിരെ പരാതി നല്‍കിയത്.

ബംഗാളിലെ അസൻസോൾ നിവാസിയായ തബിഷ് എഹ്സാൻ (37) 2009 ലാണ് നാസിയ അംബ്രീൻ ഖുറൈഷിയെ വിവാഹം കഴിച്ചത്. ഉത്തർപ്രദേശ് സ്വദേശിയാണെന്നാണ് ഭാര്യയായ നാസിയ അംബ്രീൻ തബിഷിനോട് പറഞ്ഞത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് കുടുംബങ്ങളുടെ സമ്മത പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. 2022 വരെ ഇരുവരും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ പിന്നീട് മടങ്ങി വന്നില്ല. തബിഷുമായുള്ള എല്ലാ ആശയവിനിമയവും അവസാനിപ്പിക്കുകയും ചെയ്തു.

അതിനിടെ നാസിയയുടെ കുടുംബം തബിഷ് എഹ്സാനെതിരെ സെക്ഷൻ 498 എ പ്രകാരം കേസ് കൊടുത്തു. പക്ഷേ കൊൽക്കത്തയിലെ അലിപൂർ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ സമയത്താണ് ഭാര്യയുടെ യഥാർഥ പൗരത്വത്തെക്കുറിച്ച് തബീഷ് അറിയുന്നത്. നാസിയ യഥാർത്ഥത്തിൽ ബംഗ്ലാദേശ് സ്വദേശിയാണെന്ന് ബന്ധുക്കളിൽ നിന്നാണ് തബീഷ് മനസിലാക്കിയത്. അതേസമയം, നാസിയ നേരത്തെ ബംഗ്ലാദേശിലെ ഒരു സ്‌കൂൾ അധ്യാപകനെ വിവാഹം കഴിച്ചിരുന്നതായും പിന്നീട് വിവാഹമോചനം നടത്തിയെന്ന വിവരവും ബന്ധുക്കളിൽ നിന്ന് ലഭിച്ചതായും തബീഷ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതിന് ശേഷമാണ് നാസിയ വിസയില്ലാതെ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയത്. ഇന്ത്യൻ പൗരത്വം ലഭിക്കാനായി തന്നെ ഉപയോഗിച്ചെന്നും തന്റെ വിവാഹം അവരുടെ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നെന്നും ഇയാൾ പറയുന്നു.

കൊൽക്കത്തയിലെ തിൽജാല പൊലീസ് സ്റ്റേഷനിലാണ് ഭാര്യ നാസിയ ഖുറേഷിക്കും കുടുംബാംഗങ്ങൾക്കുമെതിരെ തബീഷ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, കൊൽക്കത്തയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ്, പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാർ എന്നിവർക്കും താൻ പരാതി നൽകിയിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

നാസിയ അംബ്രീൻ ഖുറൈഷി ഇന്ത്യൻ പാസ്പോർട്ട് ലഭിക്കുന്നതിന് വ്യാജ രേഖകളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഉണ്ടാക്കിയതായി വിവരം ലഭിച്ചതായി തബീഷിന്റെ അഭിഭാഷകൻ ഷയാൻ സച്ചിൻ ബസു ഇന്ത്യ ടുഡേയോട് പറഞ്ഞു. പരാതിയെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാസിയയുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ട്.

Similar Posts