അർപ്പിതയുടെ ഫ്‌ളാറ്റിൽ വീണ്ടും നോട്ടുവേട്ട; ഇതുവരെ പിടിച്ചത് 40 കോടിയിലേറെ
|ബെൽഘാരിയയിലെ മറ്റൊരു ഫ്‌ളാറ്റിൽ നടത്തിയ പരിശോധയിൽ 20 കോടിയിലേറെ രൂപയും സ്വർണക്കട്ടികളും ആഭരണങ്ങളും കണ്ടെത്തി
കൊല്‍ക്കത്ത: അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ലാറ്റിലും ഇ.ഡി പരിശോധന. ബെൽഘാരിയയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധയില്‍ 20 കോടിയിലേറെ രൂപയും സ്വർണക്കട്ടികളും ആഭരണങ്ങളും കണ്ടെത്തി. ഇതുവരെ അര്‍പ്പിതയില്‍ നിന്ന് പിടിച്ചെടുത്തത് 40 കോടി രൂപയിലേറെയാണ്.
അർപ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റിൽ ജൂലൈ 23ന് നടത്തിയ പരിശോധനയിൽ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. പാര്‍ഥ ചാറ്റര്‍ജി തന്‍റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബാങ്കായി ഉപയോഗിച്ചിരുന്നുവെന്ന് അര്‍പ്പിത മൊഴി നല്‍കിയിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചിരുന്നത്. എല്ലാ ആഴ്‌ചയിലും അല്ലെങ്കിൽ 10 ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അര്‍പ്പിത മൊഴി നല്‍കി.
ബംഗാളി നടിയും മോഡലുമായിരുന്നു അര്‍പ്പിത മുഖര്‍ജി. ഒരു ബംഗാളി നടന്‍ മുഖേനയാണ് പാർഥ ചാറ്റർജിയുമായി പരിചയപ്പെടുന്നതെന്നും 2016 മുതൽ അദ്ദേഹവുമായി അടുപ്പമുണ്ടെന്നും അര്‍പ്പിത പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാണ് പാര്‍ഥ ചാറ്റര്‍ജിക്കെതിരായ കേസ്. കോളജുകള്‍ക്ക് അംഗീകാരം നല്‍കാനും അധ്യാപകരുടെ സ്ഥലംമാറ്റങ്ങള്‍ക്കും മന്ത്രി കോഴ വാങ്ങിയിരുന്നുവെന്നും അര്‍പിതയുടെ മൊഴിയില്‍ പറയുന്നു.
നിർണായക വിവരങ്ങളടങ്ങിയ ഡയറിയും അർപ്പിതയുടെ വീട്ടിൽനിന്ന് കണ്ടെടുത്തതായാണ് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അധ്യാപക നിയമന അഴിമതിക്കേസിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ ഇതിലുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എം.എൽ.എ. മണിക് ഭട്ടാചാര്യയെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.