രാമനവമി സംഘര്‍ഷം; ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ,സംഘർഷത്തിന് പിന്നിൽ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്
|കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ ഹൗറയിലെ സംഭവങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു
ഹൂഗ്ലി: രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ ഹൗറയിലെ സംഭവങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതി ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു . സംഘർഷത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
സ്ഥിതിഗതികൾ ശാന്തമായി വരുമ്പോഴാണ് ബംഗാളിലെ ഹൂഗ്ലിയിൽ ബി.ജെ.പി നടത്തിയ ഘോഷയാത്രയിൽഇന്നലെ വൈകിട്ട് സംഘർഷമുണ്ടായത് . ജില്ലയിൽ നിരോധനാജ്ഞയും ഇന്‍റര്‍നെറ്റ് വിലക്കും ഏർപ്പെടുത്തി. ബി.ജെ.പി നേതാക്കളുടെ യാത്രകളാണ് സംഘർഷത്തിന് കാരണമെന്നു തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു . ബംഗാൾ രാജ്ഭവനിൽ സംഘർഷം നിരീക്ഷിക്കാൻ പ്രത്യേക മേൽനോട്ട സെൽ സ്ഥാപിച്ചു . ഹൗറ സംഘർഷം എൻ.ഐ. എയെ കൊണ്ട് അനേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്. ആറാം തിയതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം .ബി.ജെ.പി ദുർബലപെട്ടെന്ന് മനസിലാകുമ്പോൾ ധ്രുവീകരണത്തിന് പ്രേരിപ്പിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.
സംഘർഷത്തിന്‍റെ പേരിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട ബി.ജെ.പി എം.എൽ.എമാർ , ബിഹാർ നിയമസഭ സ്തംഭിപ്പിച്ചു. ഇറങ്ങിപ്പോയ പ്രതിപക്ഷം സഭാകവാടത്തിൽ ധര്‍ണയിരുന്നു. ബിഹാറിന്‍റെ പല ഭാഗങ്ങളിലും നിരോധനജ്ഞ ഇപ്പോഴും തുടരുന്നുണ്ട് . അക്രമ സംഭവങ്ങളിൽ 77 പേരെ അറസ്റ്റ് ചെയ്തു