'ബംഗാൾ ട്രെയിനപകടം ദുഃഖകരം'; അനുശോചിച്ച് പ്രധാനമന്ത്രി, ധനസഹായം
|പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത
ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ ട്രെയിനപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്. അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്". പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടാകുന്നത്. അഗർത്തലയിൽ നിന്നുള്ള 13174 കാഞ്ചൻജംഗ എക്‌സ്പ്രസ് ന്യൂ ജൽപായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിയിൽ വെച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 16 പേർ മരിച്ചതായാണ് റെയിൽവേ അറിയിക്കുന്നത്. 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും മറ്റ് രണ്ട് റെയിൽവേ ജീവനക്കാരുമുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകൾ പാളം തെറ്റിയിരുന്നു.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷവും റെയിൽവേ 10 ലക്ഷവും രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് പിഎംഎൻആർ ഫണ്ടിൽ നിന്ന് 50000 രൂപ ധനസഹായം ലഭിക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും റെയിൽവേ നൽകും.
ഒഡിഷ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന് ഒരുവര്‍ഷം പിന്നിടവെയാണ് രാജ്യത്തെ നടുക്കി വീണ്ടും മറ്റൊരു ട്രെയിൻ അപകടം ഉണ്ടാകുന്നത്.296 പേരുടെ ജീവൻ കവർന്ന ബാലസോര്‍ അപകടത്തോടെ റെയിൽവേയിലെ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രവർത്തനം ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ കവച്ച് സംവിധാനം എല്ലാ ട്രെയിനുകളിലും കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ബംഗാൾ ഉൾപ്പെടെയുള്ള മേഖലയിൽ കവച്ച് സംവിധാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂർണ ഉത്തരാദിത്വം ഏറ്റെടുത്ത്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.