ബിർഭും കൂട്ടക്കൊലക്കേസ് പ്രതി സി.ബി.ഐ കസ്റ്റഡിയിൽ മരിച്ച നിലയിൽ
|സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയാണ് ലാലോൺ ഷെയ്ഖ്
കൊൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിലെ ബൊത്ഗുയി ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതികളിലൊരാൾ സി.ബി.ഐ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. മാർച്ച് 21ന് പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ നടന്ന കൂട്ടക്കൊലയിലെ പ്രതിയായ ലാലോൺ ഷെയ്ഖിനെയാണ് മരിച്ച നിലയിൽ രണ്ടെത്തിയത്.
സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്ന കൂട്ടക്കൊല നടന്ന് എട്ട് മാസത്തിന് ശേഷം ജാർഖണ്ഡിലെ പാകൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ലാലോൺ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. രാംപൂർഹട്ടിലെ സിബിഐ ക്യാമ്പ് ഓഫീസിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 3ന് ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ഡിസംബർ 4 ന് രാംപൂർഹട്ടിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയെ ആറ് ദിവസത്തേക്ക് സി.ബി.ഐയുടെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ഡിസംബർ 10ന് കോടതിയിൽ ഹാജരാക്കിയപ്പോൾ കാലാവധി മൂന്ന് ദിവസം കൂടി നീട്ടി നൽകുകയായിരുന്നു.
ലാലൻ ഷെയ്ഖിന്റെ മൃതദേഹം റാംപൂർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സിബിഐ ഓഫീസിലെത്തി. സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രോഷാകുലരായ കുടുംബാംഗങ്ങൾ പശ്ചിമ ബംഗാളിലെ രാംപുർഹട്ട് ടൗണിന് സമീപം ബോഗ്തുയി മോറിൽ റോഡ് ഉപരോധിച്ചു.
അസ്വാഭാവിക മരണത്തിൽ കേസെടുത്ത് ലോക്കൽ പൊലീസ് ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് ബിർഭം പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര ത്രിപാഠി പറഞ്ഞു. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സിബിഐ ബിർഭും കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്നത്.