India
17 രൂപ ബാലൻസുണ്ടായിരുന്ന അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട്  100 കോടി; കോടീശ്വരനായ ഞെട്ടലിൽ കര്‍ഷകന്‍- പിന്നീട് നടന്നത്
India

17 രൂപ ബാലൻസുണ്ടായിരുന്ന അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട് 100 കോടി; കോടീശ്വരനായ ഞെട്ടലിൽ കര്‍ഷകന്‍- പിന്നീട് നടന്നത്

Web Desk
|
26 May 2023 5:49 AM GMT

'പൊലീസ് കേസെടുക്കുമോ, മർദിക്കുമോ എന്ന് പേടിച്ച് വീട്ടിലുള്ളവരെല്ലാവരും കരയുകയാണ്'

കൊൽക്കത്ത: ഒറ്റദിവസം കൊണ്ട് കോടീശ്വരനായെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാൽ സ്വപ്‌നത്തിൽ പോലും കരുതാതെ കോടീശ്വരനായിരിക്കുകയാണ് പശ്ചിമ ബംഗാളിലെ ഒരു കര്‍ഷകന്‍. ഒന്നും രണ്ടുമല്ല, നൂറുകോടി രൂപയാണ് മുഹമ്മദ് നസിറുല്ല മണ്ഡല് എന്നയാളുടെ അക്കൗണ്ടിലെത്തിയത്. അതുവരെ വെറും 17 രൂപമാത്രമായിരുന്നു 26 കാരനായ മുഹമ്മദ് നസിറുല്ല മണ്ഡലിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. സൈബർ പൊലീസിൽ നിന്ന് വിളി വന്നപ്പോഴാണ് താനൊരു 'കോടീശ്വരനായ' കാര്യം മുഹമ്മദ് നസിറുല്ല അറിയുന്നത്.

പൊലീസിൽ നിന്ന് ഒരു വിളി വന്നതിന് ശേഷം തനിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുർഷിദാബാദിലെ ബസുദേബ്പൂർ സ്വദേശിയായ നസിറുല്ല മണ്ഡൽ പറഞ്ഞു. 'ബാങ്ക് അക്കൗണ്ടിൽ 100 കോടി രൂപയുണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാൻ ബാങ്കിലേക്ക് ഓടുകയായിരുന്നു. 100 കോടി വരുന്നതിന് മുമ്പെ വെറും 17 രൂപ മാത്രമായിരുന്നു എന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി'..നസിറുള്ള പറഞ്ഞു.

മെയ് 30-നകം ബ്രാഞ്ചിൽ പണമിടപാടിന്‍റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 'എങ്ങനെയാണ് പണം എന്റെ അക്കൗണ്ടിൽ വന്നതെന്ന് എനിക്കറിയില്ല. ദിവസക്കൂലിക്കാരനായാണ് ഞാൻ ജോലി ചെയ്യുന്നത്. പൊലീസ് കേസെടുക്കുമോ, മർദിക്കുമോ എന്ന് പേടിച്ചാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. വീട്ടിലുള്ളവരെല്ലാവരും കരയുകയാണ്,'' അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾക്കും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യുവാവ് താമസിക്കുന്നത്.

അതിനിടെ, നസീറുള്ളയുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ബാങ്ക് താൽക്കാലികമായി ബ്ലോക്ക് ചെയ്തു. പൊലീസ് കേസെടുത്തതിനാൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Similar Posts