India
ഓടുന്ന ബസിന്റെ ടയറിനടിയിലേക്ക് തെറിച്ച് വീണു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
India

ഓടുന്ന ബസിന്റെ ടയറിനടിയിലേക്ക് തെറിച്ച് വീണു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

Web Desk
|
21 July 2022 10:42 AM GMT

ഹെൽമറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി ബംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണർ ബി.ആർ.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പങ്കുവെച്ചത്

ബംഗളൂരു: 'നല്ല നിലവാരമുള്ള ഐ.എസ്‌.ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോടെ ബംഗളൂരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് നെറ്റിസണ്‍സിനെ ഞെട്ടിക്കുന്നത്. ഓടുന്ന ബസിന്‍റെ ടയറിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോ. ഹെല്‍മറ്റ് ബോധവത്കരണത്തിന്‍റെ ഭാഗമായി ബംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പങ്കുവെച്ചത്.

ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടിയിലേക്ക് ബൈക്ക് യാത്രക്കാരന്‍ തെറിച്ചു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ബസിന്റെ ടയറുകള്‍ക്കിടയില്‍ യുവാവിന്‍റെ തല അകപ്പെട്ടെങ്കിലും ഹെല്‍മറ്റുള്ളതുകാരണം വന്‍ദുരന്തമാണ് ഒഴിവായത്.

ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്‌സോയില്‍ തിങ്കളാഴ്ച നടന്നതാണ് അപകടം. അലക്‌സ് സില്‍വ പെരസ് എന്ന 19കാരനാണ് അപകടത്തില്‍പ്പെട്ടതെന്നും ഇയാള്‍ക്ക് സാരമായ പരിക്കുകളില്ലെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Similar Posts