ഒരു രാത്രിക്ക് 40,000 രൂപ; വെള്ളപ്പൊക്കത്തിന് പിന്നാലെ നിരക്ക് കുത്തനെ കൂട്ടി ബംഗളൂരുവിലെ ഹോട്ടലുകൾ
|അടുത്ത അഞ്ചുദിവസത്തേക്ക് തുടർച്ചയായി കനത്തമഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും നഗരവാസികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്
ബംഗളൂരു: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ബംഗളൂരുവിൽ ഹോട്ടൽ മുറികളുടെ നിരക്ക് ഇരട്ടിയാക്കിയതായി റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു രാത്രിക്ക് 10,000 മുതൽ 20,000 വരെ നൽകിയിരുന്ന സ്ഥലത്ത് ഇപ്പോൾ 30,000-40,000 രൂപയായി ഇരട്ടിയായിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളും ഫ്ളാറ്റുകളുമെല്ലാം വെള്ളത്തിലാണ്. ഇതോടെ പലരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് ഹോട്ടൽനിരക്ക് കുത്തനെ കൂട്ടിയത്.
യെമലൂരിലെ ആഡംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാല് പേരടങ്ങുന്ന കുടുംബം 42,000 രൂപ ചെലവഴിച്ചതായി പർപ്പിൾഫ്രണ്ട് ടെക്നോളജീസിന്റെ സിഇഒയും സ്ഥാപകയുമായ മീന ഗിരിസബല്ല പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ മിക്ക ഹോട്ടലുകളും അടുത്ത രണ്ട് ദിവസത്തേക്ക് പൂർണ്ണമായി ബുക്ക് ചെയ്തതിനാൽ പല താമസക്കാർക്കും ഉയർന്ന നിരക്കിൽ പോലും മുറികൾ ലഭിക്കാത്തതായും വാർത്തകളുണ്ട്. വെള്ളം താഴ്ന്നുകഴിഞ്ഞാലും ആഡംബര വീടുകൾ വൃത്തിയാക്കാനും പുതുക്കിപ്പണിയാനും സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സ്റ്റാർ ഹോട്ടലുകളിലെ മുറികൾ പലരും 10-15 ദിവസത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ജീവിത ശൈലീ രോഗങ്ങളുള്ള നിരവധി പേർ ആശുപത്രിയിലേക്കും മാറിയിട്ടുണ്ട്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.
അടുത്ത അഞ്ചുദിവസത്തേക്ക് ബംഗളൂരുവിൽ തുടർച്ചയായി കനത്തമഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും നഗരവാസികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുന്നതോടെ സ്ഥിതി ഗുരുതരമാകാനാണ് സാധ്യത. കനത്ത മഴയിൽ ബംഗളൂരുവിലെ 85 പ്രദേശങ്ങളും 2,000 വീടുകളും വെള്ളത്തിനടിയിലായതായാണ് ഔദ്യോഗിക കണക്ക്.