![Bengaluru,murder,double murder in Bengaluru,ബംഗളൂരു,ക്രൈംന്യൂസ്,ബംഗളൂരു ഇരട്ടക്കൊലപാതകം Bengaluru,murder,double murder in Bengaluru,ബംഗളൂരു,ക്രൈംന്യൂസ്,ബംഗളൂരു ഇരട്ടക്കൊലപാതകം](https://www.mediaoneonline.com/h-upload/2024/04/19/1419919-police.webp)
മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ചു കൊന്നു; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം
![](/images/authorplaceholder.jpg?type=1&v=2)
പാര്‍ക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന മകളെയാണ്
ബെംഗളൂരു: ബംഗളൂരുവിൽ മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി.ജയനഗർ ഏരിയയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശാകംബരി നഗറിൽ താമസിക്കുന്നഅനുഷ (24), ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (44 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസിൽ അനുഷയുടെ അമ്മ ഗീതയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട അനുഷയും സുരേഷും തമ്മിൽ അഞ്ചുവർഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കെയർടേക്കറായാണ് അനുഷ ജോലി ചെയ്തിരുന്നത്.സുരേഷ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്. എന്നാൽ അനുഷ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ദിവസം ഇരുവരും തമ്മിൽ തൊട്ടടുത്ത പാർക്കിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. താനൊരാളെ കാണാൻ പോകുകയാണെന്നും അഞ്ചുമിനിറ്റ് കഴിഞ്ഞ് വരാമെന്നും അനുഷ അമ്മയോട് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഇവിടെ വെച്ച് രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് സുരേഷ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മകളെ തിരഞ്ഞ് പാർക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന അനുഷയെ ആയിരുന്നു. രക്ഷിക്കാൻ ഓടിയെത്തിയ അനുഷയുടെ അമ്മ സുരേഷിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും അയാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗലസർ പറഞ്ഞു. നെഞ്ചിലും കഴുത്തിലും ഗുരുതമായി പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ജയനഗറിലെ സരക്കി പാർക്കിൽ വൈകിട്ട് 4.45 ഓടെയാണ് അനുഷയും സുരേഷും കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അനുഷയുടെ അമ്മയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.