വെറും 30 സെക്കന്റ്; ബി.എം.ഡബ്ല്യൂ കാറിന്റെ ചില്ല് തകർത്ത് കവർന്നത് 14 ലക്ഷം രൂപ
|സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം കാറുടമ സർജാപൂർ പൊലീസിൽ പരാതി നൽകി. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ബംഗളൂരു: ബി.എം.ഡബ്യൂ കാറിന്റെ ചില്ല് തകർത്ത് 14 ലക്ഷത്തോളം രൂപ കവർന്നതായി പരാതി. ബംഗളൂരു നഗരത്തിൽ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്താണ് മോഷണം. സർജാപൂരിലെ സോംപുരയിലുള്ള വില്ലേജ് ഓഫീസിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം കാറുടമ സർജാപൂർ പൊലീസിൽ പരാതി നൽകി. എന്നാൽ, പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ബി.എം.ഡബ്ല്യൂ. എക്സ് 5 വേരിയന്റ് കാറിലാണ് മോഷണം നടന്നത്. ഡ്രൈവർ സീറ്റിൻ്റെ ഭാഗത്തെ ചില്ലുകൾ തകർത്ത് അകത്തേക്ക് നുഴഞ്ഞുകയറിയാണ് മോഷ്ടാവ് പണം കൈക്കലാക്കിയത്. മറ്റൊരാൾ കാറിനു സമീപം ബൈക്ക് സ്റ്റാർട്ട് ചെയ്ത് പരിസരം നിരീക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ആയുധം കൊണ്ടാണ് പ്രതികൾ കാറിന്റെ ചില്ലു തകർത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ദൃശ്യങ്ങൾ പ്രകാരം 30 സെക്കൻഡുകൾ കൊണ്ടാണ് യുവാവ് പണം കൈക്കലാക്കുന്നത്.
ആനേക്കൽ സ്വദേശിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ മോഹൻ ബാബുവിന്റെ കാറിൽ നിന്നാണ് പണം മോഷണം പോയത്. സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. പണം വാഹനത്തിലുണ്ടെന്ന് മനസിലാക്കിയാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.