India
Bengaluru opposition meeting-special dinner hosted by Karnataka CM Siddaramaiah, Opposition meeting begins in Bengaluru, Special dinner hosted by Karnataka CM Siddaramaiah for opposition leaders
India

അത്താഴ വിരുന്നൊരുക്കി സിദ്ധരാമയ്യ; ബംഗളൂരുവിൽ പ്രതിപക്ഷസംഗമത്തിനു തുടക്കം

Web Desk
|
17 July 2023 4:11 PM GMT

പ്രതിപക്ഷസഖ്യത്തിന്റെ പേര് നാളെ പ്രഖ്യാപിച്ചേക്കും. 2024 മിഷനു വേണ്ടി പ്രത്യേക സമിതിയെയും കൺവീനറെയും തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

ബംഗളൂരു: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷ പടയൊരുക്കത്തിന്റെ ഭാഗമായി രണ്ടാംഘട്ട സംഗമത്തിന് ബംഗളൂരുവിൽ തുടക്കം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിൽ അത്താഴ വിരുന്നോടെയാണ് രണ്ടുദിവസത്തെ പരിപാടികൾക്കു തുടക്കമായത്. പ്രത്യേക ക്ഷണം ലഭിച്ച 26 പാർട്ടി നേതാക്കളാണ് യോഗത്തിൽ സംബന്ധിക്കുന്നത്.

കഴിഞ്ഞ ജൂൺ 23നായിരുന്നു പട്‌നയിൽ ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ കാർമികത്വത്തിൽ ആദ്യഘട്ട പ്രതിപക്ഷ സംഗമം നടന്നത്. രണ്ടാംഘട്ടം ഷിംലയിൽ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് ബംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.


കഴിഞ്ഞ തവണ യോഗത്തിൽ പങ്കെടുക്കാത്ത കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇത്തവണ എത്തുന്നുണ്ട്. രാഹുൽ ഗാന്ധി, മമത ബാനർജി, എം.കെ സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ, ഹേമന്ത് സോറൻ, ഭഗവന്ത് മൻ, ലാലുപ്രസാദ് യാദവ്, ഉമർ അബ്ദുല്ല, തേജസ്വി യാദവ്, മല്ലികാർജുൻ ഖാർഗെ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി എന്നിവരെല്ലാം ഇന്നു തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെല്ലാം സിദ്ധരാമയ്യയുടെ വിരുന്നിലും പങ്കെടുത്തിട്ടുണ്ട്.. എൻ.സി.പി തലവൻ ശരദ് പവാർ നാളെയാണ് എത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൊതുമിനിമം പരിപാടിയും നയങ്ങളും തന്നെയാകും യോഗത്തിലെ പ്രധാന അജണ്ട. ഇതോടൊപ്പം പ്രതിപക്ഷ സഖ്യത്തിന്റെ ഘടനയും പേരുമെല്ലാം ചർച്ചയാകും. പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്(പി.ഡി.എ) എന്ന് പ്രതിപക്ഷ കൂട്ടായ്മയ്ക്കു പേരിട്ടേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.


രണ്ടാം സംഗമത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനയുണ്ടായിരുന്നത്. സഖ്യത്തിന് പ്രത്യേകമായൊരു സമിതിയെയും കൺവീനറെയും തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

Summary: Second stage opposition meeting begins in Bengaluru with special dinner hosted by Karnataka CM Siddaramaiah

Similar Posts