India
Silk Sarees
India

സാരി വാങ്ങാനെന്നെ വ്യാജേന കടകളില്‍ കയറും; ലക്ഷങ്ങള്‍ വിലമതിക്കുന്ന 38 പട്ടുസാരികള്‍ മോഷ്ടിച്ച സ്ത്രീകള്‍ പിടിയില്‍

Web Desk
|
4 Sep 2024 7:19 AM GMT

ജാനകി, പൊന്നുരു മല്ലി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്

ബെംഗളൂരു: ബെംഗളൂരുവില്‍ സാരി വാങ്ങാനെന്ന വ്യാജേനെ വസ്ത്ര വ്യാപാരശാലകളില്‍ കയറി സാരികള്‍ മോഷ്ടിക്കുന്ന സ്ത്രീകളുടെ സംഘം പിടിയില്‍. വിലപിടിപ്പുള്ള സാരികള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബുധനാഴ്ചയാണ് സംഘം ജെപി നഗര്‍ പൊലീസിന്‍റെ പിടിയിലായത്. 17.5 ലക്ഷം രൂപ വിലവരുന്ന 38 സാരികൾ പ്രതികളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ജാനകി, പൊന്നുരു മല്ലി, മേധ രജനി, വെങ്കിടേശ്വരമ്മ എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം ജെപി നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സിൽക്ക് ഹൗസിൽ എത്തിയ പ്രതികള്‍ വില കൂടിയ സാരികള്‍ കാണിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. സാരി നോക്കുന്നതായി നടിച്ച സംഘം ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും നിമിഷനേരം കൊണ്ട് സ്വന്തം വസ്ത്രത്തിനിടയില്‍ സാരികള്‍ മറച്ചുവയ്ക്കുകയുമായിരുന്നു. കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പരിശോധനയിൽ കടയിൽ നിന്ന് 10 സാരികൾ എടുത്തതായി കണ്ടെത്തി.

ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് നാട്ടിലെ കടകളിൽ നിന്ന് സാരി മോഷ്ടിക്കുന്ന സംഘമാണ് സംഘമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. മോഷ്ടിച്ച സാരികൾ സംഘത്തിലെ ഒരു സ്ത്രീ തൻ്റെ സുഹൃത്തിൻ്റെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് വിറ്റിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നും മോഷണം ലക്ഷ്യമിട്ടാണ് നഗരത്തിലെത്തിയതെന്നും അധികൃതർ പറഞ്ഞു.

Similar Posts