India
rameswaram cafe accused
India

ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം: ഒരാൾ​ എൻ.​ഐ.എ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

Web Desk
|
13 March 2024 9:35 AM GMT

പ്രതിയെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

ബംഗളൂരു: രാമേശ്വരം കഫേ സ്​ഫോടന കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. കർണാടകയിലെ ബെല്ലാരി ജില്ലയിൽനിന്ന് ഷബീർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എൻ.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ചോദ്യം ചെയ്ത് വരുന്നതായും സി.സി.ടി.വി കാമറയിൽ പതിഞ്ഞ അതേ ആളാണോ ഇയാളെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. മാർച്ച് മൂന്നിനാണ് കേസ് എൻ.ഐ.എക്ക് കൈമാറിയത്. പ്രതിയെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രവും പുറത്തുവിട്ടിരുന്നു.

കഫേയില്‍ സ്‌ഫോടനം നടന്ന് ഏകദേശം ഒരുമണിക്കൂറിന് ശേഷം മുഖ്യപ്രതി ബസില്‍ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ഉച്ചക്ക് 12.56നാണ് സ്‌ഫോടനം നടന്നത്. പ്രതി 2:03ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്. ടീഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ച പ്രതി കഫേയില്‍ ബാഗ് ഉപേക്ഷിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംശയാസ്പദമായ സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡിലൂടെ രാത്രി ഒമ്പതിന് പ്രതി നടക്കുന്ന ദൃശ്യങ്ങളും മറ്റൊരു സി.സി.ടി.വിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എന്‍.ഐ.എയുമായി സഹകരിക്കുന്നുണ്ട്. സംഭവത്തിന് ശേഷം പ്രതി വസ്ത്രം മാറി തുംകുരു, ബല്ലാരി, ബിദാര്‍, ഭട്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ബസില്‍ യാത്ര ചെയ്തതായും അന്വേഷണ സംഘം അറിയിച്ചിരുന്നു.

Related Tags :
Similar Posts