ഐ.ടി ജോലി ഉപേക്ഷിച്ച് പി.ജി ഹോസ്റ്റലുകള് കേന്ദ്രീകരിച്ച് 'മുഴുസമയ മോഷണം'; യുവതി അറസ്റ്റിൽ
|വിവിധ പി.ജി ഹോസ്റ്റലുകളില്നിന്നായി 10 ലക്ഷത്തോളം വിലവരുന്ന 24 ലാപ്ടോപ്പുകളാണു പ്രതി മോഷ്ടിച്ചത്
ബെംഗളൂരു: അഞ്ചക്ക ശമ്പളവും ആറക്ക ശമ്പളവുമെല്ലാമുള്ള ജോലി ഉപേക്ഷിച്ച് കൃഷിയിലും മറ്റ് ഹോബികളിലും സജീവമാകുന്നവർ ഒരു പുതിയ കാഴ്ചയല്ല. എന്നാൽ, വലിയ ശമ്പളമുള്ള ഐ.ടി ജോലി ഉപേക്ഷിച്ച് മോഷണം ഒരു 'തൊഴിലാ'യി എടുത്താൽ എങ്ങനെയുണ്ടാകും! അത്തരമൊരാളിപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. പേയിങ് ഗസ്റ്റ്(പി.ജി) ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള ലാപ്ടോപ്പുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവതിയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നോയ്ഡ സ്വദേശിയായ ജാസി അഗർവാൾ(26) ആണ് ബെംഗളൂരു എച്ച്.എ.എൽ പൊലീസിന്റെ പിടിയിലായത്. ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ വിവിധ പി.ജി ഹോസ്റ്റലുകളിൽനിന്നും സോഫ്റ്റ്വെയർ കമ്പനികളിൽനിന്നുമായി 10 ലക്ഷത്തോളം വിലമതിക്കുന്ന 24 ലാപ്ടോപ്പുകളാണ് ഇവർ മോഷ്ടിച്ചത്. പി.ജി ഹോസ്റ്റൽ അന്തേവാസികളുടെ പരാതിയിൽ മാർച്ച് 26നാണു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എൻജിനീയറിങ് ബിരുദധാരിയായ ജാസി ബെംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു. നഗരത്തിലെ ഒരു പി.ജി ഹോസ്റ്റലിലായിരുന്നു ഈ സമയത്ത് താമസിച്ചിരുന്നത്. ഈ സമയത്താണു യുവതി മോഷണ പരിപാടികൾക്കു തുടക്കമിട്ടത്. ഹോസ്റ്റലിലെ താമസക്കാർ ഭക്ഷണം കഴിക്കാനോ മറ്റോ പുറത്തുപോകുന്ന സമയം നോക്കിയാണു മോഷണം. ഇവരുടെ റൂമിൽ കയറി ലാപ്ടോപ്പുകളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷ്ടിക്കും.
തുടർന്ന് മോഷണവസ്തുക്കൾ നാട്ടിൽ കൊണ്ടുപോയി കരിഞ്ചന്തയിൽ വിൽക്കുകയാണു ചെയ്യുക. ബെംഗളൂരുവിൽ തിരിച്ചെത്തിയാൽ മറ്റൊരു പി.ജി ഹോസ്റ്റലിലേക്കു മാറും. ഇവിടെനിന്നും മോഷണം നടത്തിയ ശേഷം മറ്റൊരു സ്ഥലത്തേക്കു മാറും. ഇതായിരുന്നു യുവതിയുടെ മോഷണരീതി. 12 മാസങ്ങൾക്കുമുൻപാണ് ജോലി ഉപേക്ഷിച്ചു പ്രതി മുഴുസമയ മോഷണത്തിലേക്കു തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ശേഷമാണു മോഷണം ആരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്.
Summary: Bengaluru 26-year-old woman, former techie, turns thief after losing job to Covid