'കങ്കണയെ അടിച്ചത് തെറ്റ് തന്നെ, പക്ഷേ...' കരണത്തടി വിഷയത്തിൽ ഭഗവന്ത് മൻ
|"കങ്കണയുടെ പ്രസ്താവനകൾക്കെതിരെ ആ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കുണ്ടായ രോഷമാണ് അന്നവിടെ കണ്ടത്"
അമൃത്‌സർ: ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണൗട്ടിന് വിമാനത്താവളത്തിൽ വെച്ച് അടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സിഐഎസ്എഫ് ഉദ്യോഗസ്ഥ ദേഷ്യത്തിന്റെ പുറത്ത് ചെയ്ത പ്രവൃത്തിയാണെന്നും പക്ഷേ അതുണ്ടാകാൻ പാടില്ലായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം എല്ലാ പഞ്ചാബികളും തീവ്രവാദികളാണെന്ന് പൊതുരംഗത്തുള്ള ഒരാൾ പറയാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"കങ്കണയുടെ പ്രസ്താവനകൾക്കെതിരെ ആ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കുണ്ടായ രോഷമാണ് അന്നവിടെ കണ്ടത്. അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അതുപോലെ എല്ലാ പഞ്ചാബികളും തീവ്രവാദികളാണെന്ന തരത്തിലുള്ള പ്രസ്താവനകൾ പൊതുരംഗത്തുള്ള ഒരാൾ നടത്താനും പാടില്ല. അതിപ്പോൾ സിനിമാ താരം ആയാലും എംപി ആയാലും". ഭഗവന്ത് മൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ കങ്കണയ്ക്ക് അടിയേറ്റത്. സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കർഷക സമരത്തിൽ പങ്കെടുത്തവരെ കങ്കണ ആക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കുൽവീന്ദർ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. നൂറുരൂപയ്ക്ക് വേണ്ടിയാണ് ആളുകൾ സമരത്തിനിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞതെന്നും അവർ അങ്ങനെ അവിടെപ്പോയി ഇരിക്കുമോ എന്നും കങ്കണ ആക്ഷേപപരാമർശം നടത്തിയ സമയത്ത് തന്റെ അമ്മയും അവിടെയുണ്ടായിരുന്നുവെന്നും അവർ പറയുന്നു.
2020ലാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെക്കുറിച്ച് കങ്കണ അധിക്ഷേപ പരാമർശം നടത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സ്ത്രീയെ ശഹീൻ ബാഗ് പ്രതിഷേധപരമ്പരയുടെ മുഖമായിരുന്ന ബിൽക്കിസ് ബാനു എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്ഷേപം. 100 രൂപ നൽകിയാൽ ഇവർ ആർക്കുവേണ്ടിയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നുള്ള പ്രസ്താവന വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. വിവാദങ്ങൾക്ക് പിന്നാലെ കങ്കണ ട്വീറ്റ് നീക്കം ചെയ്തിരുന്നു.
കരണത്തടി വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ സമ്മിശ്രമപ്രതികരണമുണ്ടാകുന്നതായിരുന്നു കാഴ്ച. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ നടപടിയെ അപലപിച്ച് വരുൺ ധവാൻ, ഹൃത്വിക് റോഷൻ അടക്കമുള്ളവർ രംഗത്തെത്തിയപ്പോൾ കുൽവീന്ദറിന് ജോലി നൽകുമെന്നറിയിച്ച് സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനിയും മുന്നോട്ട് വന്നു. കുൽവീന്ദറിനെ പിന്തുണച്ച് കർഷക സംഘടനകളും രംഗത്തെത്തി.
ഇതിനിടെ സംഭവം ആഘോഷിക്കുന്നുവെന്ന് പറഞ്ഞ് കങ്കണ ബോളിവുഡിനെയൊന്നാകെ കുറ്റപ്പെടുത്തി. ഓൾ ഐസ് ഓൺ റഫ എന്ന സോഷ്യൽ മീഡിയ ക്യാംപെയ്ൻ ചൂണ്ടിക്കാട്ടിയായിരുന്നു കുറ്റപ്പെടുത്തൽ.