India
Bhagwant Mann

ഭഗവന്ത് മന്‍

India

ജയിലില്‍ കെജ്‍രിവാളിനെ തീവ്രവാദിയെപ്പോലെയാണ് കാണുന്നതെന്ന് ഭഗവന്ത് മന്‍

Web Desk
|
15 April 2024 10:15 AM GMT

രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദികളിൽ ഒരാളെ പിടികൂടിയതുപോലെയാണ് നിങ്ങൾ അവനോട് പെരുമാറുന്നത്

ഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സന്ദര്‍ശിച്ചു. ഇൻ്റർകോം വഴി ഇരു നേതാക്കളും സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ മൻ ആഞ്ഞടിച്ചു. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദികളിൽ ഒരാളെപ്പോലെയാണ് ജയിലില്‍ കെജ്‍രിവാളിനോട് പെരുമാറുന്നതെന്നും മന്‍ പറഞ്ഞു.

''കൊടും ക്രിമിനലുകൾക്ക് പോലും ലഭിക്കുന്ന സൗകര്യങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നത് വളരെ സങ്കടകരമായിരുന്നു. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദികളിൽ ഒരാളെ പിടികൂടിയതുപോലെയാണ് നിങ്ങൾ അവനോട് പെരുമാറുന്നത്.പ്രധാനമന്ത്രി മോദിക്ക് എന്താണ് വേണ്ടത്? '' ഭഗവന്ത് മന്‍ ചോദിച്ചു. സുതാര്യതയുടെ രാഷ്ട്രീയം ആരംഭിക്കുകയും ബി.ജെ.പിയുടെ രാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്ത സത്യസന്ധനായ ഒരു മനുഷ്യനോട് ഇങ്ങനെയാണ് പെരുമാറുന്നതെന്ന് മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ 'അത് മറക്കൂ' എന്നാണ് കെജ്‍രിവാള്‍ പറഞ്ഞത്. പകരം പഞ്ചാബിലെ കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.എഎപി അച്ചടക്കമുള്ള ഗ്രൂപ്പാണ്, ഞങ്ങൾ എല്ലാവരും ഒന്നിച്ച് അരവിന്ദ് കെജ്‍രിവാളിനൊപ്പം ഉറച്ചുനിൽക്കുന്നു. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുമ്പോൾ എഎപി വലിയ രാഷ്ട്രീയ ശക്തിയായി ഉയരുമെന്നും മന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇ.ഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഹരജി ഉടൻ പരിഗണിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം സുപ്രിംകോടതി അംഗീരിച്ചില്ല. ഈ മാസം 29ന് ശേഷമേ ഹരജി പരിഗണിക്കൂ. ഹരജിയിൽ 24നകം മറുപടി നൽകണമെന്ന് കോടതി ഇ.ഡിക്ക് നോട്ടീസ് നൽകി.മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി കെജ്‍രിവാള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു. കെജ്‍രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇതിനെതിരെയാണ് കെജ്‍രിവാള്‍ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്.

Similar Posts