India
ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തില്‍  പൂർണം, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു
India

ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തില്‍ പൂർണം, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു

Web Desk
|
28 March 2022 7:35 AM GMT

അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ . ദേശീയ പണിമുടക്ക് ഡൽഹിയിലും ഭാഗികമായി ബാധിച്ചു.

ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ സമരത്തിൽ പങ്കെടുത്തതും എൽ.ഐ.സി ജീവനക്കാരുടെ പ്രതിഷേധവുമാണ് പണിമുടക്കിനെ രാജ്യതലസ്ഥാനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ധന വിലക്കയറ്റവും ദേശീയ പണിമുടക്കും പാർലമെന്‍റ് നടപടിക്രമങ്ങൾ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് -ഇടത് പക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യാതിരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എം.പിമാർ വാക്ക്ഔട്ട് നടത്തി. ഡൽഹി കേരള ഹൗസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.

ഇന്ധനവിലക്കയറ്റത്തിനൊപ്പം മരുന്നുകളുടെ വില വർധനയും ജനജീവിതം ദുസഹമാക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എൽ.ഐ.സിയുടെ മുന്നിലാണ് ഡൽഹി നഗരത്തിൽ ഏറ്റവും കൂടുതൽ പേര് സമരത്തിൽ പങ്കെടുത്തത്. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്‍റെ ഭാഗമായതിനാൽ ഗാസിയാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പണിമുടക്ക് നേരിയ തോതിൽ ബാധിച്ചു. ഡൽഹി അതിർത്തിയിൽ കമ്പനികളിലെ തൊഴിലാളികളും പണിമുടക്കി.

Similar Posts