സംവരണ അട്ടിമറി; ആദിവാസി- ദലിത് സംഘടനകളുടെ ഭാരത് ബന്ദിന് തുടക്കം
|ഭാരത് ബന്ദിന് വിവിധ രാഷ്ട്രിയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി: സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന് തുടക്കം. കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രിംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് (NACDAOR) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് ദലിത്- ആദിവാസി സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. അതേസമയം വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്.സി എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ് എസ് ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രിംകോടതിവിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ദേശീയതലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
സർക്കാർ മേഖലയിലെ എസ്.സി,എസ്.ടി, ഒ.ബി.സി ജീവനക്കാരുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ അവരുടെ ജാതി അടിസ്ഥാനത്തിലുള്ള ഡാറ്റ ഉടൻ പുറത്തുവിടണമെന്നും എൻ.എ.സി.ഡ.അ.ഒ.ആർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും എല്ലാ ബാക്ക്‌ലോഗ് ഒഴിവുകളും നികത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം), കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാർട്ടികളും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആശുപത്രികൾ, ആംബുലൻസുകൾ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ അടിയന്തര സേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ഒ.ബി.സി, എസ്.സി,എസ്.ടി വിഭാഗങ്ങളോട് സമാധാനപരമായി ബന്ദ് ആചരിക്കാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.