കർഷക പ്രതിഷേധത്തില്‍ രാജ്യം സ്തംഭിച്ചു; ഭാരത് ബന്ദ് പൂർണം
|ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകരുടെ ഉപരോധം റോഡ്-റെയിൽ ഗതാഗതത്തെ ബാധിച്ചു
കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ ഭാരത് ബന്ദ് ഉത്തരേന്ത്യയിൽ പുരോഗമിക്കുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകരുടെ ഉപരോധം റോഡ്-റെയിൽ ഗതാഗതത്തെ ബാധിച്ചു. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക് വിളിച്ചാൽ തയ്യാറെന്ന് ബികെയു നേതാവ് രാകേഷ് തികായത്ത് പ്രതികരിച്ചു.
ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമെ യുപി, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കർഷകർ ദേശീയ പാതകൾ ഉപരോധിച്ചു. ഡൽഹി - മീററ്റ് ദേശീയപാത, കെഎംപി എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിൽ റോഡ് ഉപരോധം പൂർണമായിരുന്നു. ഇതോടെ ഡൽഹി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. പലയിടത്തും ട്രെയിനുകൾ തടഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുമെന്ന് ബികെയു നേതാവ് രാകേഷ് തികായത്ത് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളും നൂറിലധികം സംഘടനകളും കർഷകർക്ക് പിന്തുണയുമായെത്തി. ഡൽഹി ജന്ദർ മന്ദിറിൽ ഇടത് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മായാവതി എന്നിവരും കർഷകർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി. കർഷകർ പ്രതിഷേധം വെടിഞ്ഞ് ചർച്ചക്ക് വരണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഹര്‍ത്താല്‍
കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുള്ള കേരളത്തിലെ ഹർത്താൽ പുരോഗമിക്കുകയാണ്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കെഎസ്ആർടിസി അവശ്യ സർവീസുകൾ മാത്രമാണ് നടത്തിയത്. വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.