India
Bharat Jodo Nyay Yatra inagurated Manipur
India

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരിൽ തുടക്കം

Web Desk
|
14 Jan 2024 10:21 AM GMT

ബി.എസ്.പി സസ്‌പെൻഡ് ചെയ്ത ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരിൽ തുടക്കം. ഇംഫാലിലെത്തിയ രാഹുലും നേതാക്കളും തൗബാലിലെ ഖാൻജോം യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന ബസ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.പി.ഐ, സി.പി.എം, ജെ.ഡി.യു, ശിവസേന, എൻ.സി.പി തുടങ്ങിയ പാർട്ടികളുടെ നേതാക്കളും ഉദ്ഘാടനത്തിൽ പങ്കെുക്കുന്നുണ്ട്.

ബി.എസ്.പി സസ്‌പെൻഡ് ചെയ്ത ഡാനിഷ് അലി എം.പിയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ''ഇത് എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷമാണ്. ഒരുപാട് ആത്മാന്വേഷണത്തിന് ശേഷമാണ് പരിപാടിക്കെത്തിയത്. രാജ്യത്ത് നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ എനിക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത് ദലിതർക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന എല്ലാ ചൂഷണങ്ങളും കണ്ട് മിണ്ടാതിരിക്കുക എന്നതാണ്. അല്ലെങ്കിൽ ഭയത്തിന്റെയും വെറുപ്പിന്റെയും ചൂഷണത്തിന്റെയും അന്തരീക്ഷത്തിനെതിരെ പ്രചാരണം നടത്തണം. ഞാൻ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്''-ഡാനിഷ് അലി പറഞ്ഞു.

യാത്ര നാളെ നാഗാലാൻഡിൽ പ്രവേശിക്കും. 66 ദിവസം നീണ്ടുനിൽക്കുന്ന യാത്ര മാർച്ചിൽ സമാപിക്കും. 15 സംസ്ഥാനങ്ങളിലൂടെ 6713 കിലോമീറ്ററാണ് രാഹുൽ സഞ്ചരിക്കുക. നേരത്തെ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിക്കുന്നത്.

Similar Posts