ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം; ഇൻഡ്യ മുന്നണിയിലെ പത്ത് പാർട്ടികൾ പങ്കെടുക്കും
|67 ദിസവം കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ സഞ്ചാരിച്ച് മാര്‍ച്ച് 20ന് മുംബൈയിൽ യാത്ര അവസാനിക്കും
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഞായറാഴ്ച മണിപ്പൂരിൽ തുടക്കം. തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുക. ഇൻഡ്യാ മുന്നണിയിലെ പത്ത് പാർട്ടികൾ യാത്രയിൽ പങ്കെടുക്കും. പാർട്ടി നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ക്ഷണിച്ചിട്ടുണ്ട്.
വർത്തമാനകാല കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനാ പ്രവര്‍ത്തനമായിരുന്നു രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. ഇന്ത്യൻ രാഷ്ട്രീയത്തിലെ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടതുറക്കാനായിരുന്നു ആ യാത്രയെങ്കിൽ, ഭാരത് ജോഡോ ന്യായ് യാത്ര നീതിയും ന്യായവും ചോദിച്ചാണ്. വർഗീയ കലാപം തുടരുന്ന മണിപ്പൂരിലെ ജനതയ്ക്ക് നീതി ചോദിച്ചാണ് യാത്ര ആരംഭിക്കുന്നത്.
അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും വിവിധ മേഖലകങ്ങളിലെ പ്രമുഖരും യാത്രയുടെ ഭാഗമാകും. തൊഴിലില്ലാഴ്മ, ദളിത് ,ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, വിലക്കയറ്റം എന്നിവ യാത്രയിൽ ഉന്നയിക്കും. മണിപ്പൂരിൽ യാത്ര തടസപ്പെടുത്തി ദ്രോഹിക്കാനായിരുന്നു സർക്കാർ പദ്ധതിയെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിങ് മീഡിയവണ്ണിനോട് പറഞ്ഞു.
യാത്ര ആരംഭിക്കുന്ന മണിപ്പൂരിൽ ഇപ്പോഴും നീതി ലഭിച്ചിട്ടില്ലേക്കും ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മണിപ്പൂർ പി.സി.സി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിങ് പറഞ്ഞു.
യുദ്ധ സ്മാരകത്തിൽ ആദരമർപ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ബസിലായിരിക്കും യാത്ര. സാധ്യമാകുന്ന ഇടങ്ങളിൽ ആറ് കിലോമീറ്റർ നടക്കും. യാത്ര നാളെ നാഗാലാൻഡിലേക്ക് കടക്കും.
67 ദിസവം കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ സഞ്ചാരിച്ച് മാര്‍ച്ച് 20ന് മുംബൈയിൽ യാത്ര അവസാനിക്കും.