ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ പര്യടനം തുടരുന്നു
|ബസിൽ സഞ്ചരിക്കുന്ന രാഹുൽ പ്രധാന ഇടങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്യും
ഇംഫാല്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ പര്യടനം തുടരുന്നു. ഇന്ന് വൈകുന്നേരം യാത്ര നാഗാലാൻഡിൽ പ്രവേശിക്കും. ബസിൽ സഞ്ചരിക്കുന്ന രാഹുൽ പ്രധാന ഇടങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്ന് ഇന്നലെ യാത്ര ആരംഭിക്കാൻ വൈകിയതോടെയാണ് ഇന്ന് കൂടെ മണിപ്പൂരിൽ പര്യടനം നടത്തുന്നത്. 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്‌മായിയിൽ നിന്ന് യാത്ര പുനരാരംഭിക്കും. 9:30 ന് കാങ്‌പോക്പിയിലും 11 ന് സേനാപതിയിൽ ബസിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിലെ യാത്ര. ഇതിന് ശേഷം ഇന്ന് വൈകുന്നേരം നാഗാലാൻഡിൽ എത്തുന്ന യാത്ര,നാളെ രാവിലെ മുതൽ പര്യടനം തുടരും. ഇന്നലെ ആരംഭിച്ച യാത്രക്ക് വലിയ സ്വീകരണമാണ് മണിപ്പൂരിൽ ലഭിച്ചത്. രാത്രിയും റോഡിന്‍റെ ഇരുവശങ്ങളിലും ആളുകൾ രാഹുലിനെ കാണാൻ കാത്തുനിന്നു. യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ വലിയ സ്വീകരണം ഒരുക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ത്യ മുന്നണിയിലെ പാർട്ടികളെയും യാത്രയുടെ അവസാനം വരെ ഭാഗമാക്കാനും ശ്രമിക്കും. ഭാരത് ജോഡോ യാത്രക്ക് തയ്യാറാക്കിയ കണ്ടെയ്നറുകളിലാണ് രാഹുൽ യാത്ര അവസാനിക്കുന്നവരെ താമസിക്കുക.