ഭാരത് ജോഡോ വാഹനങ്ങൾക്ക് നേരെ അസമിൽ കല്ലേറ്; രാഹുൽ ഗാന്ധിയുടെ ഫ്‌ളക്‌സുകൾ നശിപ്പിച്ചതായും പരാതി
|അക്രമത്തിന് പിന്നിൽ ബിജെപി എന്ന് കോൺഗ്രസ് ആരോപിച്ചു
ഡൽഹി: അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്. വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. അക്രമത്തിന് പിന്നിൽ ബിജെപി എന്ന് കോൺഗ്രസ് ആരോപിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്രയെ കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും അതിനാൽ യാത്ര തടയാൻ അക്രമങ്ങൾ നടത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജോഡോ യാത്ര അസമിൽ പ്രവേശിച്ചപ്പോൾ സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുൽ ഗാന്ധിയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കളുടെ ആരോപണം. അസമിൽ യാത്രക്ക് അനുമതി നൽകുന്നത് സംബന്ധിച്ചായിരുന്നു രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായത്.
യുവമോർച്ച പ്രവർത്തകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചിത്രം വികൃതമാക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചതായും പാർട്ടി ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ തുടങ്ങി മാർച്ച് 20 അല്ലെങ്കിൽ 21 ന് മുംബൈയിൽ സമാപിക്കും. 67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6,713 കിലോമീറ്റർ സഞ്ചരിക്കാനാണ് പദ്ധതി. ഇന്നലെയാണ് യാത്ര അസമിൽ പ്രവേശിച്ചത്. ജനുവരി 25 വരെ അസമിലെ 17 ജില്ലകളിലൂടെ 833 കിലോമീറ്റർ സഞ്ചരിക്കും.