ഭാരത് ജോഡോ യാത്ര കോൺഗ്രസിന് നൽകിയത് പുത്തൻ ഊർജം
|രാജ്യത്തെ പ്രതിപക്ഷ നേതൃപദവിയിലേക്ക് കോൺഗ്രസിനെ എത്തിക്കാൻ ഭാരത് ജോഡോക്കായി
ശ്രീനഗര്‍: ഭാരത് ജോഡോ യാത്ര കോൺഗ്രസിന് നൽകിയത് പുത്തൻ ഉണര്‍വും ഊർജവും. യാത്ര രാഹുൽ ഗാന്ധിയുടെ പൊളിറ്റിക്കൽ ഗ്രാഫ് വാനോളം ഉയർത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃപദവിയിലേക്ക് കോൺഗ്രസിനെ എത്തിക്കാൻ ഭാരത് ജോഡോക്കായി.
സെപ്റ്റംബർ 7, കന്യാകുമാരിയിൽ നിന്ന് എം.കെ സ്റ്റാലിൻ കൈമാറിയ ദേശീയ പതാകയുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചു. 136 ദിവസം കൊണ്ട് ശ്രീനഗറിൽ പര്യടനം പൂർത്തിയാക്കിയ യാത്രയ്ക്ക് കേരളം വിട്ടാൽ ആളുണ്ടാകില്ല എന്നായിരുന്നു പ്രധാന പരിഹാസം. എന്നാൽ ആദ്യ അവസാനം വരെ യാത്രയിലേക്ക് ജനം ഒഴുകിയെത്തി. 14 സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയ യാത്ര പാർട്ടിയെ ബൂത്ത് തലം മുതൽ ചലിപ്പിച്ചു എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതിന്‍റെ ഗുണം കോൺഗ്രസിന് ലഭിക്കും എന്നും നേതാക്കൾ കണക്ക് കൂട്ടുന്നു.
2023 ൽ 9 നിയമസഭ തെരഞ്ഞെടുപ്പുകളെ കോൺഗ്രസിന് നേരിടാനുണ്ട്. അതിൽ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവ നിർണായകം. പിന്നാലെയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി പ്രതിപക്ഷ ചേരിയെ ഒരുമിപ്പിക്കാൻ കോൺഗ്രസിനായി. സി.പി.എം, ആർ.ജെ.ഡി അടക്കമുള്ള പാർട്ടികൾ ശ്രീനഗറിലെ സമാപന സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നെങ്കിലും യാത്രയെ അനുകൂലിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കിൽ ജോഡോ യാത്ര നൽകിയ മാറ്റം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല.