India
ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ സി.പി.എമ്മും; സമാപന സമ്മേളനത്തിൽ തരിഗാമി പങ്കെടുക്കും
India

ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ സി.പി.എമ്മും; സമാപന സമ്മേളനത്തിൽ തരിഗാമി പങ്കെടുക്കും

Web Desk
|
28 Dec 2022 7:44 AM GMT

ശ്രീനഗറിലാണ് യാത്ര സമാപിക്കുക

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ സി.പി.എമ്മും. സമാപന സമ്മേളനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് തരിഗാമി പങ്കെടുക്കും. ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും പങ്കെടുക്കും. ശ്രീനഗറിലാണ് യാത്ര സമാപിക്കുക.

ഭാരത് ജോഡോ യാത്ര ജനുവരി 22നാണ് ജമ്മു കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 26നോ 30നോ യാത്ര സമാപിക്കും. ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തരിഗാമി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ തന്നെ ഭാരത് ജോഡോ പാര്‍ട്ടിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. കനിമൊഴി, കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെ സമാപന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ജാഥയില്‍ 149 സ്ഥിരം ജാഥാംഗങ്ങളുണ്ട്. സെപ്തംബർ 7നാണ് യാത്ര തുടങ്ങിയത്. 146 ദിവസത്തെ പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോയാണ് ശ്രീനഗറിൽ സമാപിക്കുക. 3570 കിലോമീറ്ററാണ് റാലി പിന്നിടുക. വിവിധ മേഖലകളിലുള്ള തൊഴിലാളികൾ, യുവാക്കൾ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയാണ് യാത്ര പുരോഗമിക്കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കേരളത്തിലെ സി.പി.എം നേതാക്കള്‍ നേരത്തെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം. സ്വരാജ് ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്നാണ് പരിഹസിച്ചത്. അതേസമയം യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടു.

Similar Posts