ഭാരത് ജോഡോ യാത്ര ഡൽഹിയിൽ; ഇന്ന് ചെങ്കോട്ടയിൽ താത്ക്കാലിക സമാപനം
|നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പ്രവർത്തകർക്കൊപ്പം ഡൽഹിയിലെ യാത്രയിൽ പങ്കെടുക്കും
ന്യൂഡൽഹി: കോവിഡ് വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ചു. യാത്ര ഇന്ന് ചെങ്കോട്ടയിൽ താത്ക്കാലികമായി സമാപിക്കും. ഇന്നത്തെ യാത്രയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പ്രവർത്തകർക്കൊപ്പം നടക്കും.
അതിനിടെ, യാത്രയിൽ പങ്കെടുക്കുന്നവരോട് മാസ്‌ക് ധരിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ യാത്ര നിർത്തിവക്കണമെന്നാണ് കേന്ദ്ര സർക്കാർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, കേന്ദ്രനീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്ര തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങളെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഡൽഹിയിൽ പ്രവേശിച്ച യാത്ര ബദർപൂരിൽനിന്ന് പര്യടനം ആരംഭിച്ചു. വൈകീട്ട് ചെങ്കോട്ടയിൽ യാത്ര സമാപിക്കും. നാളെ മുതൽ ജനുവരി രണ്ടുവരെ യാത്രയ്ക്ക് അവധി നൽകിയിട്ടുണ്ട്.
സ്വര ഭാസ്‌കർ അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങൾ ഇതിനകം ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു. അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങൾ രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യാത്രയുടെ ഭാഗമായി. ഹോളിവുഡ് താരം ജോൺ കുസാക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ചയാണ് നൂറുദിവസം പൂർത്തിയാക്കിയത്. തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഇതിനകം പിന്നിട്ടു. ഡിസംബർ 24ന് ഡൽഹിയിൽ പ്രവേശിക്കുന്ന യാത്ര എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയാകും സമാപിക്കുക.
Summary: Bharat Jodo Yatra enters Delhi and will conclude temporarily at the Red Fort today