India
ദലിത് വിദ്യാർഥിയുടെ കുടുംബത്തെ കാണാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാജസ്ഥാനിൽ കസ്റ്റഡിയിൽ
India

ദലിത് വിദ്യാർഥിയുടെ കുടുംബത്തെ കാണാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാജസ്ഥാനിൽ കസ്റ്റഡിയിൽ

Web Desk
|
17 Aug 2022 2:58 PM GMT

ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചുകൊലപ്പെടുത്തിയത്

ജയ്പൂർ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ രാജസ്ഥാനിൽ കസ്റ്റഡിയിലെടുത്തു. ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകൻ കൊലപ്പെടുത്തിയ ദലിത് ബാലന്റെ കുടുംബത്തെ കാണാനെത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്.

രാജസ്ഥാനിലെ ജലോറിലേക്ക് പോകുന്നതിനിടെ ജോധ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ജൂലൈ 20 നാണ് ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒമ്പത് വയസുകാരൻ അധ്യാപകന്റെ മർദിച്ചത്. കുട്ടിയുടെ കണ്ണിനും ചെവിക്കും സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു കുട്ടി മരിച്ചത്.

കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കൊലപാതകം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വലിയ പ്രതിഷേധത്തിനും വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് ഈ കൊലപാതകം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയായിരിക്കുകയാണ്.

പ്രതിപക്ഷമായ ബി.ജെ.പിയിൽ നിന്ന് മാത്രമല്ല പാർട്ടിക്കുള്ളിൽ നിന്നും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് എംഎൽഎയും 12 കൗൺസിലർമാരും രാജിവെച്ചു. ഗെലോട്ടിന്റെ ആഭ്യന്തര എതിരാളിയായ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും കൊലപാതകത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. 'ജലോർ പോലുള്ള സംഭവങ്ങൾ നമ്മൾ അവസാനിപ്പിക്കണം. ദലിത് സമൂഹത്തിലെ ജനങ്ങൾക്ക് വേണ്ടി അവർക്കൊപ്പം ഉറച്ചുനിൽക്കണം. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ട്, ഭാവിയിലും അത് ചെയ്യും. ഇതുപോലൊരു വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്,' പൈലറ്റ് എൻഡിടിവിയോട് പറഞ്ഞു.

Similar Posts