നുപൂർ ശർമ്മയ്‌ക്കെതിരായ വധഭീഷണി: ഭീം സേന തലവൻ അറസ്റ്റിൽ
|പ്രവാചകനെ അധിക്ഷേപിച്ച നുപൂർ ശർമ്മയ്‌ക്കെതിരെ പൊലീസ് എന്തു നടപടിയെടുത്തു എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്
ന്യൂഡൽഹി: ബി.ജെ.പി നേതാവ് നുപൂർ ശർമ്മയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഭീം സേന തലവൻ നവാബ് സത്പാൽ തൻവാറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ യുവ നേതാവ് സർപോപ്രിയ ത്യാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൻവാറിനെതിരെ കേസെടുത്തത്. നുപൂറിനെ വധിക്കുന്നയാൾക്ക് ഒരു കോടി പാരിതോഷികം നൽകുമെന്നും അവളെ കൊല്ലുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ തൻവാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി
അതേസമയം പ്രവാചകനെ അധിക്ഷേപിച്ച നുപൂർ ശർമ്മയ്‌ക്കെതിരെ പൊലീസ് എന്തു നടപടിയെടുത്തു എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. വ്യാഴാഴ്ച വീട്ടിൽ നിന്നാണ് തൻവാറിനെ അറസ്റ്റ് ചെയ്തത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, പ്രേരണ, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ദിവസങ്ങൾക്കു മുമ്പ് ഗുഡ്ഗാവ് പൊലീസ് തൻവറിനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നുപൂറിനെ ഭീഷണിപ്പടുത്തിയെന്ന കേസിൽ തൻവാർ അറസ്റ്റിലാവുന്നത്.
ഐപിസി 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയെ അപമാനിക്കൽ), 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാവിന്റെ പരാമർശത്തെ അമേരിക്കയും അപലപിച്ചു. നേരത്തെ ഗൾഫ് രാഷ്ട്രങ്ങളും പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ ആകെപ്പാടെ ഉലച്ചു. നുപൂർ ശർമ്മയ്‌ക്കെതിരെ കേസെടുത്തെങ്കിലും മറ്റു നടപടികൾ കൈക്കൊണ്ടിട്ടില്ല.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153(എ), 295(എ), 298, 34 വകുപ്പുകൾ പ്രകാരമാണ് നാരകൊണ്ട പൊലീസ് നുപൂറിനെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെമൻസും അയച്ചിരുന്നു. എന്നാൽ നുപൂർ ശർമ്മ എപ്പോൾ സ്‌റ്റേഷനിൽ ഹാജരാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.